മസൂദ് അസറിന്റെ വൃക്കകള്‍ തകരാറില്‍; സൈനിക ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിലെന്ന് റിപ്പോർട്ട്

By Web TeamFirst Published Mar 2, 2019, 6:18 PM IST
Highlights

പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണ് അസറെന്ന് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യൻ‌ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദില്ലി: ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസർ വ‍ൃക്കകൾ തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചികിത്സയിലെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണ് അസറെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യൻ‌ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രം​ഗത്തെത്തിയിരുന്നു. വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും സാധിക്കാത്ത വിധത്തില്‍ അദ്ദേഹം രോഗിയാണെന്നും ഖുറേഷി അറിയിച്ചു. അതേസമയം റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി മസൂദ് അസര്‍ ചികില്‍സയിലാണെന്ന സൂചനകളും നേരത്തെ ലഭിച്ചിരുന്നു.  
 
അല്‍ഖയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസർ. 1993 മുതലാണ് ബിൻ ലാദനും അസറും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നൽകുന്നതിൽ അസർ മുന്നിട്ടിറങ്ങിയുന്നു. 1999ല്‍  മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടി ഭീകരര്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയിരുന്നു. യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ മസൂദ് അസഹ്റിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു.
 
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിനോട്  ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇന്ത്യയുടെ ആവശ്യത്തെ എതിർക്കുകയായിരുന്നു.

click me!