36000 അടി ഉയരത്തിൽ പറന്ന വിമാനം നിമിഷങ്ങൾക്കകം 10000 അടിയിലേക്ക്; കാലുകൾ ഇപ്പോഴും വിറയ്ക്കുന്നെന്ന് യാത്രക്കാർ

Published : Jul 02, 2025, 08:52 AM IST
japan flight

Synopsis

ഷാങ്ഹായിൽ നിന്ന് ടോക്കിയോയിലേക്ക് പറന്ന ജപ്പാൻ എയർലൈൻസ് വിമാനം 36000 അടിയിൽ നിന്ന് 10,500 അടിയിലേക്ക് പതിച്ചു. 

ടോക്കിയോ: 36000 അടി ഉയരത്തിൽ പറന്ന വിമാനം നിമിഷ നേരങ്ങൾകൊണ്ട് 10,500 താഴേക്ക് പോയി. ഷാങ്ഹായിൽ നിന്ന് ടോക്കിയോയിലേക്ക് പറന്ന ജപ്പാൻ എയർലൈൻസ് ബോയിംഗ് 737 വിമാനമാണ് വലിയൊരു ദുരന്തം മുന്നിൽ കണ്ടത്. വിമാനത്തിന്റെ അപ്രതീക്ഷിത തകരാറിന് പിന്നാലെ യാത്രക്കാർക്ക് ഓക്സിജൻ മാസ്കുകൾ നൽകി.

വിമാനത്തിൽ 191 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. വലിയ പരിഭ്രാന്തിയിലൂടെ ആയിരുന്നു കടന്നുപോയതെന്ന് യാത്രക്കാരെല്ലാം ഒരേ ശ്വാസത്തിൽ പറയുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം കൻസായി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ജപ്പാൻ എയർലൈൻസും അവരുടെ ഉപസ്ഥാപനമായ സ്പ്രിംഗ് ജപ്പാനും കോഡ്-ഷെയർ കരാറനുസരിച്ച് പ്രവർത്തിക്കുന്ന വിമാനത്തിലായിരുന്നു തിങ്കളാഴ്ച സംഭവം. ഏകദേശം 36,000 അടി ഉയരത്തിൽ നിന്ന് വെറും 10 മിനിറ്റിനുള്ളിൽ 10,500 അടിയിലേക്ക് വിമാനം അതിവേഗം താഴുകയായിരുന്നുവെന്ന് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വിമാനം തകരുമെന്ന് പലരും ഉറപ്പിച്ചിരുന്നു. മർദ്ദം കുറയുന്നത് ആളുകളുടെ ബോധം നഷ്ടമാക്കുമെന്ന് ആശങ്കയിൽ ഓക്സിജൻ മാസ്കുകളും വിതരണം ചെയ്തു. ഒരു തിരിച്ചുവരവില്ലാത്ത വിധം തങ്ങൾ അവസാനിക്കാൻ പോവുകയാണെന്ന് കരുതി എന്നായിരുന്നു ഒരു യാത്രക്കാരന്റെ പ്രതികരണം. എന്റെ ശരീരം മാത്രമാണ് ഇിപ്പോൾ ഇവിടെയുള്ളത് ആത്മാവ് ഇതുവരെ എത്തിയിട്ടില്ല കാലുകൾ ഇപ്പോഴും വിറയ്ക്കുന്നുവെന്നും ഒരു യാത്രക്കാരൻ എസ്.സി.എം.പിയിൽ കുറിച്ചതായി റിപ്പോർട്ട് പറയുന്നു.

രാത്രി ഏഴ് മണിയോടെ വിമാനം അതിവേഗം താഴ്ന്നു, 20 മിനുട്ടിൽ 3,000 അടിയിലേക്ക് താഴ്ന്നു. ഇതിനിടയിൽ ഒരു യാത്രക്കാരൻ തന്റെ സ്വത്തുക്കളുടെ അവകാശികളെ എഴുതി വയ്ക്കാനും ഇൻഷുറൻസ്, ബാങ്ക് കാർഡ് പിൻ വിവരങ്ങൾ എഴുതിവയ്ക്കാനും തുടങ്ങിയെന്നും പീപ്പിൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഒസാക്കയിൽ വിമാനം സുരക്ഷിതമായി ഇറക്കി. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവർക്ക് നഷ്ടപരിഹാരഹും താമസവും കമ്പനി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വിമാനങ്ങൾക്കും സമാന അനുഭവം; പൈലറ്റുമാർക്ക് സസ്പെൻഷൻ

അതേസമയം, സമാനമായ മറ്റൊരു സംഭവത്തിൽ, ജൂൺ 14-ന് ദില്ലിയിൽ നിന്ന് വിയന്നയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് 900 അടി താഴ്ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഹമ്മദാബാദിൽ ടേക്ക് ഓഫിന് മിനിറ്റുകൾക്ക് ശേഷം എയർ ഇന്ത്യ വിമാനം തകർന്നു വീണ് ഒരാളൊഴികെ എല്ലാവരും മരിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഈ സംഭവം. അതേസമയം, ബോയിംഗ് 777 വിമാനം 9 മണിക്കൂറും 8 മിനിറ്റും പറന്നതിന് ശേഷം വിയന്നയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്വേഷണം പൂർത്തിയാകുന്നത് വരെ രണ്ട് പൈലറ്റുമാരെയും സർവീസിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ
'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി