ലോകമനഃസാക്ഷിയെ നടുക്കിയ കൊടുംക്രൂരത; 19 ഭിന്നശേഷിക്കാരെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

By Web TeamFirst Published Mar 16, 2020, 7:46 PM IST
Highlights

2016 ജൂലായ് 26നാണ് ജപ്പാനെ നടുക്കിയ സംഭവമുണ്ടായത്. ടോക്യോക്ക് സമീപത്തെ ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സുകുയി യാമായുറി കെയര്‍സെന്‍ററിലേക്ക് കാറില്‍ കത്തികളുമായി എത്തിയ ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ടോക്യോ: 19 ഭിന്നശേഷിക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് വധശിക്ഷ. സതോഷി എമത്‍സു(30) എന്ന യുവാവിനെയാണ് ജപ്പാനിലെ യോകോഹോമ ഡിസ്ട്രിക്ട് കോടതി വധശിക്ഷക്ക് വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്നും ശിക്ഷ സ്വീകരിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.  2016ലായിരുന്നു ജപ്പാനെ നടുക്കിയ സംഭവം. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന വാദമുയര്‍ത്തിയാണ് ഇയാള്‍ ഭിന്നശേഷിക്കാരെ കൊന്നുതള്ളിയത്. ടോക്യോ നഗരത്തിലെ കെയര്‍ഫെസിലിറ്റിയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു.

ഭിന്നശേഷിക്കാര്‍ രാജ്യത്തിന് യാതൊരു സംഭാവനയും നല്‍കുന്നില്ലെന്നും സമൂഹത്തിന് ബാധ്യതയാണെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മര്യാദക്ക് ആശയവിനിമയം നടത്താന്‍ സാധിക്കാത്തവര്‍ക്ക് മനുഷ്യാവകാശമില്ലെന്നും ഇയാള്‍ പറഞ്ഞു. മയക്കുമരുന്നിനടിമയായതിനാലും മാനസിക രോഗിയായതിനാലുമാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. ഇയാള്‍ കഞ്ചാവിനടിമയാണെന്നും സ്വബോധത്തോടെയല്ല കുറ്റകൃത്യം നടത്തിയതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

2016 ജൂലായ് 26നാണ് ജപ്പാനെ നടുക്കിയ സംഭവമുണ്ടായത്. ടോക്യോക്ക് സമീപത്തെ ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സുകുയി യാമായുറി കെയര്‍സെന്‍ററിലേക്ക് കാറില്‍ കത്തികളുമായി എത്തിയ ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 19-70 വയസ്സിനിടയിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ജപ്പാനിലെ ഏറ്റവും വലിയ ക്രൂരകൃത്യമെന്നുവരെ സംഭവത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

click me!