
റോം: എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരേയും വളരെ മോശം ശാരീരികാവസ്ഥയുള്ളവരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനത്തിലേക്ക് ഇറ്റലി. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. ആശുപത്രികളില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം ആളുകള്‍ കൊവിഡ് 19 ബാധിച്ച് ചികിത്സ തേടിയെത്തുന്ന സാഹചര്യത്തിലാണ് നീക്കം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന പ്രായമായവര്‍ മരിച്ചേക്കുമെന്നാണ് ഭയമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ക്ക് ഒരു പ്രോട്ടോക്കോളിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ രോഗികള്‍ക്ക് പ്രവേശനം നല്‍കുക. കൊറോണ വൈറസ് വ്യാപകമായതോടെ ഇന്നലെ മാത്രം ഇറ്റലിയില്‍ ജീവന്‍ നഷ്ടമായത് 368 പേര്‍ക്കാണ്. ഈ പ്രൊട്ടോക്കോളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കാനുള്ള യോഗ്യതയില്‍ ആദ്യമുള്ളത് പ്രായം. കൊറോണ വൈറസ് ബാധയല്ലാതെ മറ്റ് അസുഖങ്ങളുടെ കാര്യത്തില്‍ അഞ്ചില്‍ താഴെയാവണം രോഗിയുടെ സ്കോര്‍ എന്നും പ്രോട്ടോക്കോള്‍ നിഷ്കര്‍ഷിക്കുന്നു. നിരവധി അസുഖങ്ങള്‍ ഉള്ളവരുടെ അസുഖങ്ങളുടെ എണ്ണം കണക്കിലെടുത്താണ് ഈ സ്കോര്‍ തയ്യാറാക്കുക.
കൊവിഡ് 19: ആളുകളെ അകറ്റിനിർത്താൻ 'കാർഡ്ബോർഡ് ഡിസ്ക്' ധരിച്ച് മധ്യവയസ്കൻ- വീഡിയോ വൈറൽ
രോഗിക്ക് ജീവിതത്തിലേക്ക് തിരികെയെത്താനുള്ള സാധ്യതയും കണക്കിലെടുത്താണ് ചികിത്സ തീരുമാനിക്കുന്നത്. ഒരു യുദ്ധത്തിന് സമാനമാണ് സ്ഥിതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞ സംവിധാനങ്ങള്‍ മാത്രമുള്ള സമയത്ത് ഇത്തരം ക്രമീകരണങ്ങള്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നത്. ഹെല്‍ത്ത് കൗണ്‍സിലിന്‍റേതാണ് ഈ നിര്‍ദേശം. ഇത്തരമൊരു സാഹചര്യം കാണാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചിലരെങ്കിലും അതിജീവിക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ വേണ്ടി വരുമെന്നാണ് ഹെല്‍ത്ത് കൗണ്‍സിലറായ ലൂയിജി ഇക്കാര്‍ഡി പറയുന്നത്.
ശാസ്ത്ര സാങ്കേതിക കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഇറ്റലി മുഴുവന്‍ നിര്‍ദേശം പിന്തുടരേണ്ടി വരും. 15000ല്‍ അധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം ആളുകള്‍ ഇതിനോടകം ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായാണ് കണക്കുകള്‍. ഇറ്റലിയിലെ വിവിധ ഭാഗങ്ങളിലായി 5090 തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളാണ് ഉള്ളത്. ആശുപത്രികള്‍ക്ക് പുറമേ നഴ്സിങ് ഹോമുകളും ടെന്‍റുകളും അടക്കം തീവ്രപരിചരണ വിഭാഗമാക്കുന്ന സ്ഥിതിയാണ് നിലവില്‍ ഇറ്റലിയില്‍ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam