
ടോക്കിയോ: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഇടം പിടിച്ച് ജപ്പാനിലെ വനിതാ മേയർ. ജപ്പാനിൽ ആദ്യമായി പ്രസവാവധി എടുത്ത മേയറായ ഷോകോ കവാറ്റയാണ് ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള യുവ നേതാക്കളുടെ പട്ടികയിൽ ഇടം പിടിച്ചത്. 36കാരിയായ ഷോകോ കവാറ്റ സെപ്തംബർ 15നാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തോട് അനുബന്ധിച്ച് ഷോകോ കവാറ്റ അവധിക്ക് അപേക്ഷിച്ചത് ജപ്പാനിൽ ദേശീയ സംവാദത്തിന് കാരണമായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി കുഞ്ഞിന് ജന്മം നൽകാനായി അവധി എടുക്കുന്ന പതിവില്ലാത്ത രാജ്യത്ത് ആ പതിവ് തെറ്റിച്ചതാണ് ഷോകോയെ ടൈം മാഗസിൻ പട്ടികയിലെത്തിച്ചത്. ഒരേ സമയം വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും വിമർശനം നേരിടാനും ഷോകോയുടെ അവധി അപേക്ഷ കാരണമായിരുന്നു. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറിലെ യാവാറ്റ നഗരത്തിന്റെ മേയറായ ഷോകോആദ്യ കുഞ്ഞിന് ജന്മം നൽകി ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഈ അന്താരാഷ്ട്ര അംഗീകാരം അവരെ തേടിയെത്തിയിട്ടുള്ളത്.
കുറയുന്ന ജനനനിരക്ക് വർദ്ധിപ്പിക്കാൻ പെടാപ്പാടുപെടുന്ന ജപ്പാനിൽ, പൊതുപ്രവർത്തകയായ ഒരു വനിത പ്രസവാവധി എടുത്ത തീരുമാനം വലിയ ചർച്ചയായിരുന്നു. കുടുംബത്തിന് മുൻഗണന നൽകുന്നതിനൊപ്പം രാഷ്ട്രീയത്തിൽ മറ്റ് സ്ത്രീകൾക്ക് വഴിതുറക്കാൻ ഇത്തരം തീരുമാനങ്ങൾ സഹായിക്കുമെന്ന് പറഞ്ഞ് നിരവധിയാളുകൾ ഷോകോയെ പിന്തുണച്ചു. എന്നാൽ പൊതുജനസേവന ചുമതലകളിൽ നിന്ന് മാറിനിൽക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും, പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ഗർഭം ധരിക്കേണ്ടതായിരുന്നുവെന്നും, അല്ലെങ്കിൽ ഇത്രയും നീണ്ട അവധിയെടുക്കുന്ന പ്രതിനിധികൾ രാജിവെക്കണമെന്നുമായിരുന്നു വിമർശകരുടെ വാദം. അവധിയുടെ കാലയളവിൽ അവരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടവരും നിരവധിയായിരുന്നു.
പ്രസവാവധി എടുക്കുന്ന വനിതാ രാഷ്ട്രീയക്കാരെ വിമർശിച്ചാൽ അത് 20 മുതൽ 40 വരെ വയസ്സുള്ള, ഭാവിയിൽ അമ്മമാരായേക്കാവുന്ന പ്രാപ്തരായ എല്ലാ സ്ത്രീകളെയും പൊതുപദവികളിൽ നിന്ന് മാറ്റിനിർത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് ഷോകോ പ്രതികരിച്ചത്. ജപ്പാനിൽ സർക്കാർ ജീവനക്കാർക്ക് പ്രസവാവിധിക്ക് വ്യവസ്ഥയുണ്ടെങ്കിലും പ്രാദേശിക ജനപ്രതിനിധികൾക്കായി കൃത്യമായ നിയമനിർമ്മാണം നിലവിലില്ലായിരുന്നു. അതിനാൽ ഡെപ്യൂട്ടി മേയർ ഷിഗെറ്റോ നോസെയ്ക്ക് 16 ആഴ്ചത്തേക്ക് ചുമതലകൾ കൈമാറിയ കവാറ്റ, സാധ്യമാകുന്നപ്പോഴൊക്കെ ഓൺലൈനായി ജോലികൾ തുടരുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam