
ദില്ലി: ലൈംഗിക കുറ്റവാളി ജെപ്രി എപ്സ്റ്റീനുനായി ഇന്ത്യൻ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണം പുറത്ത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ അംഗവുമായി ബന്ധം വളർത്തിയെടുക്കാൻ എപ്സ്റ്റീൻ വർഷങ്ങളോളം ചെലവഴിച്ചുവെന്ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. അനിൽ അംബാനിയുമായി എപ്സ്റ്റീൻ നടത്തിയ സന്ദേശങ്ങൾ 2017 ന്റെ തുടക്കം മുതൽ 2019 വരെ നീണ്ടുനിന്നതായി രേഖകൾ വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി കടത്തിയതിന് ഫെഡറൽ പ്രോസിക്യൂട്ടർമാർ എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു അനിൽ അംബാനിയുമായുള്ള സംഭാഷണം. ലോകകാര്യങ്ങൾ, ബിസിനസ്, സ്ത്രീകൾ എന്നിവയെക്കുറിച്ച് ഇരുവരും സംസാരിക്കുകയും നേരിട്ട് കാണാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. 2017ൽ, എപ്സ്റ്റീൻ അംബാനി കുടുംബത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾക്ക് ഓർഡർ നൽകി വരുത്തിച്ചു.
നിങ്ങൾ ആരെയാണ് നിർദ്ദേശിക്കുന്നതെന്ന് 2017 മാർച്ച് 9 ന് അംബാനി എപ്സ്റ്റീനയച്ച സന്ദേശത്തിൽ ചോദിച്ചു. സന്ദർശനം രസകരമാക്കാൻ, ഉയരമുള്ള ഒരു സ്വീഡിഷ് സുന്ദരിയായ സ്ത്രീയെയാണ് ഉദ്ദേശിക്കുന്നതെന്ന് എപ്സ്റ്റീൻ മറുപടി നൽകി. എങ്കിൽ അറേഞ്ച് ചെയ്യൂവെന്നായിരുന്നു അംബാനിയുടെ മറുപടി.
ആ വർഷം അവസാനം പാരീസിൽ ഒത്തുചേരുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തെങ്കിലും പരസ്പരം കാണാതെ പോയതായും പറയുന്നു. എന്നാൽ 2018 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. 2019 മെയ് മാസത്തിൽ ന്യൂയോർക്കിൽ എത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അംബാനി പറഞ്ഞപ്പോൾ, തന്നെ സന്ദർശിക്കാനുള്ള ക്ഷണം എപ്സ്റ്റീൻ നൽകി. മാൻഹട്ടന്റെ അപ്പർ ഈസ്റ്റ് സൈഡിലുള്ള എപ്സ്റ്റീന്റെ വീട്ടിൽ വെച്ച് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സഹായികൾ സ്ഥിരീകരിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ രേഖകളെക്കുറിച്ച് അംബാനിയുടെ പ്രതിനിധി മൗനം പാലിച്ചു.
2002-ൽ പിതാവ് ധീരുഭായ് മരിച്ചതിനെത്തുടർന്ന് അനിൽ അംബാനിയും മുകേഷും കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യത്തെച്ചൊല്ലി തർക്കത്തിലായി. ഒടുവിൽ വിഭജിക്കാൻ തീരുമാനിച്ചു. അടിസ്ഥാന സൗകര്യ, വൈദ്യുതി മേഖലകളിൽ പ്രവർത്തിക്കുന്ന റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനാണ് അനിൽ. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻസ്, റീട്ടെയിൽ, മീഡിയ തുടങ്ങിയ ബിസിനസുകളുള്ള റിലയൻസ് ഇൻഡസ്ട്രീസ് മുകേഷ് ഏറ്റെടുത്തു. ഒരുകാലത്ത് കോടീശ്വരനായിരുന്ന അനിൽ അംബാനിയുടെ ആസ്തികളെല്ലാം സമീപ വർഷങ്ങളിൽ ഏതാണ്ട് പൂർണ്ണമായും നശിച്ചു. 2019 ൽ, അനിലിന്റെ ടെലികോം സംരംഭത്തിനെതിരെ കുടിശ്ശിക വരുത്തിയതിന് കേസ് ഫയൽ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam