എല്ലാം നശിപ്പിച്ച പരസ്ത്രീ ബന്ധങ്ങൾ, 600 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയ വിവാ​ദം; ഒടുവിൽ നാണംകെട്ട് ജെൻസൻ ഹുവാങ് പടിയിറങ്ങി

Published : Nov 12, 2026, 08:50 PM IST
jensen huang

Synopsis

വിവാഹേതര ബന്ധങ്ങൾ പുറത്തായതിന് പിന്നാലെ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങ് രാജിവെച്ചു. ഈ വിവാദങ്ങളെ തുടർന്ന് കമ്പനിയുടെ ഓഹരി മൂല്യത്തിൽ 600 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. നിലവിൽ കോളറ്റ് ക്രെസ്സിനാണ് സിഇഒയുടെ താൽക്കാലിക ചുമതല.

ന്യൂയോർക്ക്: വിവാഹേതര ബന്ധങ്ങൾ പുറത്തായതിന് പിന്നാലെ എൻവിഡിയ സിഇഒ സ്ഥാനം രാജിവച്ച് ജെൻസൻ ഹുവാങ്ങ്. 1993-ൽ കമ്പനി സ്ഥാപിച്ച നിമിഷം മുതൽ അതിനെ നയിച്ച മേധാവിയാണ് വിവാദച്ചുഴിയിൽപ്പെട്ട് രാജിവച്ച് പുറത്തുപോകുന്നത്. എൻവിഡിയ ഉദ്യോഗസ്ഥയും ചൈനീസ് വനിതയുമായുള്ള ജെൻസന്റെ ബന്ധം പുറത്തുവന്നതിന് ശേഷം 600 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കമ്പനിയുടെ ഓഹരി മൂല്യത്തിനുണ്ടായത്. ഇന്ന് വ്യാപാരം തുടങ്ങിയ ശേഷം 13 ശതമാനം മൂല്യമിടിഞ്ഞു.

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയയെ മാറ്റിയ മാന്ത്രികന് ഒടുവിൽ നാണംകെട്ട പടിയിറക്കമാണുണ്ടായത്. പരസ്ത്രീ ബന്ധം കാരണമാണ് സ്ഥാപക മേധാവിക്ക് കമ്പനി ബോർഡിൽ നിന്ന് പോലും രാജിവയ്ക്കേണ്ടി വന്നത്. ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന ആലിസ് ഹുവാങ്ങുമായുള്ള ബന്ധം പുറത്താവുകയും കമ്പനി മൂല്യം ഇടിഞ്ഞുതുടങ്ങുകയും ചെയ്തപ്പോഴും രാജി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എൻവിഡിയ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായുള്ള ബന്ധം കൂടി പരസ്യമായതോടെ രാജിയല്ലാതെ മറ്റൊരു വഴിയും ജെൻസന് മുൻപിൽ അവശേഷിച്ചില്ല. കമ്പനി ജീവനക്കാർ തമ്മിൽ, പ്രത്യേകിച്ച് മേലുദ്യോഗസ്ഥരും അവർക്ക് കീഴിലുള്ളവരും തമ്മിൽ ഇത്തരം ബന്ധങ്ങൾ പാടില്ലെന്നത് കമ്പനി നിയമമാണ്.

വിവാദങ്ങൾക്ക് പിന്നാലെ ഇടിഞ്ഞുതുടങ്ങിയ എൻവിഡിയയുടെ ഓഹരി മൂല്യം ജെൻസന്റെ രാജിക്ക് പിന്നാലെ നിലംപൊത്തുകയാണ്. മറ്റ് എഐ കമ്പനികളുടെ ഓഹരിമൂല്യവും ഇടിയുകയാണ്. കമ്പനി സിഎഫ്ഒ കോളറ്റ് ക്രെസ്സിനാണ് സിഇഒയുടെ താൽക്കാലിക ചുമതല. ഹാർവി സി. ജോൺസിനെ എൻവിഡിയ ബോർഡ് ചെയർ ആയി നിയമിച്ചു. മുപ്പത്തിമൂന്ന് വർഷം കമ്പനിയെ നയിച്ച ജെൻസന് നന്ദി പറഞ്ഞുകൊണ്ടാണ് രാജി സ്ഥിരീകരിച്ച എൻവിഡിയയുടെ വാർത്താക്കുറിപ്പ് അവസാനിക്കുന്നത്.

നവംബർ പതിനേഴാം തീയതി കമ്പനിയുടെ മൂന്നാം പാദ സാമ്പത്തിക റിപ്പോർട്ട് പുറത്തിറങ്ങാനിരിക്കെയാണ് ജെൻസൻ ഹുവാങ്ങ് പുറത്തുപോകുന്നത്. ആഗോള എഐ വികസനത്തിന്റെയും എഐ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് എൻവിഡിയ. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ജെൻസൻ തുടങ്ങിയ കമ്പനി 33 വർഷം കൊണ്ട് കമ്പ്യൂട്ടിങ് രംഗത്തെ തന്നെ മാറ്റിമറിച്ചു. കമ്പനിയുടെ ചിപ്പുകളിലാണ് ഓപ്പൺ എഐയും ആന്ത്രോപിക്കുമെല്ലാം സ്വന്തം എഐ മോഡലുകളെ പരിശീലിപ്പിച്ചത്. എൻവിഡിയയുടെ എല്ലാ എഐ കരാറുകൾക്കും പിന്നിൽ ജെൻസന്റെ തീരുമാനങ്ങളായിരുന്നു. അങ്ങനെയൊരാൾ പെട്ടെന്ന് പടിയിറങ്ങുമ്പോൾ ലോക എഐ ഇക്കോസിസ്റ്റത്തെ അപ്പാടെ അത് ബാധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!' 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ
ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്