ആദ്യ അറസ്റ്റിന്‍റെ സമയത്ത് ഇവർ കുറ്റം നിഷേധിച്ചിരുന്നെങ്കിലും വിചാരണയുടെ ആദ്യ ദിവസം തന്നെ കോടതിക്ക് മുന്നിൽ ഇവർ കുറ്റം ഏറ്റു. തന്‍റെ സമ്മതമില്ലാതെ ഭക്ഷണം കഴിച്ചതിനുള്ള ശിക്ഷയായിട്ടായിരുന്നു യുവതിയോട് സ്വയം ചുണ്ടുകൾ തുന്നാൻ ആവശ്യപ്പെട്ടതെന്ന് ഇവർ കോടതിയിൽ സമ്മതിച്ചു.

42 വയസ്സുള്ള തന്‍റെ റൂംമേറ്റായ സ്ത്രീയെ ഭീഷണിപ്പെടുത്തി സൂചിയും നൂലും ഉപയോഗിച്ച് അവരുടെ ചുണ്ടുകൾ തുന്നിച്ചേർക്കാൻ നിർബന്ധിച്ചതായി 50 വയസ്സുള്ള ഒരു സ്ത്രീ ജാപ്പനീസ് കോടതിയിൽ സമ്മതിച്ചു. മാസേ സകുരായ് എന്ന ജപ്പാൻകാരി നവംബർ 11 -ന് ഇബരാക്കി പ്രവിശ്യയിലെ മിറ്റോ ജില്ലാ കോടതിയുടെ ഷിമോത്സുമ ശാഖയിൽ നടന്ന വിചാരണയുടെ ആദ്യദിവസം തന്നെ കുറ്റങ്ങൾ സമ്മതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ അറസ്റ്റിലായപ്പോൾ ആരോപണങ്ങൾ നിഷേധിച്ചിരുന്ന ഇവർ പിന്നീട് കോടതിയിൽ നിലപാട് മാറ്റുകയായിരുന്നു.

'ഞാൻ തന്നെ ചെയ്താൽ വേദന ഇരട്ടിയാകും!'

ജൂൺ 18 -നും 24 -നും ഇടയിലാണ് സംഭവം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 42 -കാരിയായ സഹതാമസക്കാരിയെ ഭീഷണിപ്പെടുത്തി സ്വന്തം ചുണ്ടുകൾ തൂല് ഉപയോഗിച്ച് തുന്നാൻ മാസേ സകുരായ് നിർബന്ധിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. “ഞാൻ തന്നെ ചെയ്താൽ വേദന ഇരട്ടിയാകും” എന്ന വിചിത്ര ന്യായം പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും കോടതിയിൽ വ്യക്തമാക്കി.

'ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്'

പ്രോസിക്യൂഷന്‍റെ വിശദീകരണമനുസരിച്ച്, “ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്” എന്ന് മാസേ സകുരായ് തന്‍റെ റൂം മേറ്റിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവതി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ, ഒരിക്കൽ വിശന്നപ്പോൾ മാസേ സകുരായ്യുടെ അനുമതിയില്ലാതെ 42 -കാരി വീട്ടിൽ നിന്നും ഭക്ഷണമെടുത്ത് കഴിച്ചതാണ് മാസേ സകുറായിയെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് യുവതിയോട് സൂചിയും നൂലും ഉപയോഗിച്ച് സ്വന്തം ചുണ്ടുകൾ സ്വയം തുന്നാൻ മാസേ ആവശ്യപ്പെട്ടത്.

View post on Instagram
 

സഹായം തേടി അടുത്തുള്ള കടയിലേക്ക്...

എഎഫ്‌പി റിപ്പോർട്ട് പ്രകാരം, 42 വയസ്സുള്ള സ്ത്രീ കോഗ നഗരത്തിലെ മാസേയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ള ഒരു കടയിലേക്ക് ഓടിക്കയറി, നൂല് ഉപയോഗിച്ച് ചുണ്ടുകൾ കൂട്ടിത്തുന്നിയ ഇവർ 'ദയവായി എന്നെ സഹായിക്കൂ' എന്ന് എഴുതിയ ഒരു കടലാസ് ഉയർത്തിക്കാട്ടി. സംഭവം നടന്ന സമയത്ത് മാസേ സകുരായ് ഇരയോടൊപ്പം താമസിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. "മാസേ ദേഷ്യപ്പെട്ടതായും എന്‍റെ ചുണ്ടുകൾ തുന്നിച്ചേർത്തതായും" പരിക്കേറ്റ സ്ത്രീ പോലീസിനോട് പറഞ്ഞു. റൂംമേറ്റിന്‍റെ ചുണ്ടുകൾ തുന്നിച്ചേർത്തുവെന്ന സംശയത്തിന്‍റെ പേരിൽ ജൂൺ 29 -ന് സകുരായ് ആദ്യം അറസ്റ്റിലായി. എന്നാൽ ആരോപണം അവർ നിഷേധിച്ചു.

സ്വയം വേദനിപ്പിക്കാൻ നിർബന്ധിച്ചെന്ന കുറ്റം

ഒടുവിൽ പ്രതിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും തെളിവായി കോടതിയിൽ ഹാജരാക്കി. തെളിവുകൾ സ്വീകരിക്കുന്നതിനെ എതിർക്കില്ലെന്ന് പ്രതിഭാഗം അറിയിച്ചു. ജൂൺ 29 -ന് അറസ്റ്റിലായപ്പോൾ സഹതാമസക്കാരിയുടെ ചുണ്ടുകൾ തുന്നിയത് താനല്ലെന്നായിരുന്നു മാസേ സകുറായിയുടെ വാദം. ആ കുറ്റത്തിന് ഒക്ടോബറിൽ ഇവർക്കെതിരെ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. എന്നാൽ, യുവതിയെ ഭീഷണിപ്പെടുത്തി അവരെ കൊണ്ട് തന്നെ അവരുടെ ചുണ്ടുകൾ തുന്നിച്ചെന്ന കുറ്റമാണ് ഇപ്പോൾ കോടതിയിൽ മാസേ സമ്മതിച്ചത്. കേസിന്‍റെ അടുത്ത വിചാരണ 2027 ഫെബ്രുവരിയിൽ നടക്കും.