
ദില്ലി: പ്രശസ്ത കൊമേഡിയൻ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം. അജ്ഞരായ ആയുധധാരികൾ കാനഡയിലെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ വെടിയുതിർത്തു. കാനഡയിലെ സർറേയിലുള്ള കഫെയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഒരു മാസത്തിനിടെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കാപ്സ് കഫെ എന്നാണ് കപിൽ ശർമയുടെ റെസ്റ്റോറൻ്റ് ശൃംഖലയുടെ പേര്. പ്രാദേശിക സമയം അനുസരിച്ച് വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ പത്തോളം തവണ അക്രമികൾ കഫെക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ആറെണ്ണം കഫെയുടെ ചുവരിലും ജനാലയിലുമായി പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പുലർച്ചെ നാലരയോടെ വെടിശബ്ദം കേട്ട് പ്രദേശത്ത് താമസിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ നിരവധി പൊലീസുകാർ സ്ഥലത്തെത്തി. ലോറൻസ് ബിഷ്ണോയ് -ഗോൾഡി ബാർ എന്നിവരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഗോൾഡി ധില്ലൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്.
തങ്ങൾ വിളിച്ചിട്ട് കപിൽ ശർമ ഫോൺ അറ്റൻ്റ് ചെയ്യാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം. അടുത്ത ആക്രമണം മുംബൈയിൽ നടത്തുമെന്നും ഇവർ വെല്ലുവിളിക്കുന്നു. ജൂലൈ ഒൻപതിനാണ് കാപ്സ് കഫേക്ക് നേരെ ആക്രമണം നടന്നത്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇൻ്റർനാണൽ എന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന ഹർജീത് സിങ് ലഡ്ഡിയാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam