
ടെൽ അവീവ്: ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുടരും എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ്. മഞ്ഞ വരയ്ക്ക് ഉള്ളിൽ തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ഭാഗത്ത് ആക്രമണം തുടരും. ഹമാസിന്‍റെ ടണലുകൾ തകർക്കും. ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
"ഗാസയിലെ ഇസ്രയേലിന്‍റെ നയം വ്യക്തമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള 'മഞ്ഞ മേഖലയിൽ' തുരങ്കങ്ങൾ നശിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളുമില്ലാതെ പ്രവർത്തിക്കുന്നു"- കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, ഹമാസിനെ നിരായുധീകരിക്കുക, ഗാസയെ സൈനിക വിമുക്തമാക്കുക എന്നിവയും ലക്ഷ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രയേലിന്‍റെ കണക്കനുസരിച്ച്, നിലവിൽ 200-ഓളം ഹമാസുകാർ ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയുടെ ഭാഗങ്ങളിലെ, പ്രത്യേകിച്ച് റഫായിലെ തുരങ്കങ്ങൾക്കടിയിലുണ്ട്. ഇവർക്ക് തുരങ്കങ്ങളിൽ നിന്ന് പുറത്തുവരാതെയും ഇസ്രയേൽ സൈനികരുടെ ശ്രദ്ധയിൽപ്പെടാതെയും ഹമാസ് നിയന്ത്രിത പ്രദേശങ്ങളിലേക്ക് മടങ്ങാൻ കഴിയില്ല. വെടിനിർത്തൽ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി, ഹമാസ് അംഗങ്ങൾക്ക് സുരക്ഷിതമായ കടന്നുപോകൽ അനുവദിക്കാൻ യുഎസ് ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേൽ അവരെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam