മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; നിയമത്തിൽ ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

Published : Jul 01, 2025, 01:07 PM IST
Kazakhstan President

Synopsis

മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ഒന്നാണിതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കെല്ലാം ഇളവുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ ഇസ്ലാമിക വസ്ത്രധാരണ രീതികളെ നിയന്ത്രിക്കുന്നത് മധ്യേഷ്യൻ രാജ്യങ്ങളിൽ പ്രവണതയായി മാറിയെന്ന വിമർശനം ഉയരുന്നുണ്ട്.

കസാഖിസ്ഥാൻ മു‍സ്ലിം ഭൂരിപക്ഷ രാജ്യമാണ്. മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ രാജ്യത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലതെന്ന് കസാഖ് മാധ്യമങ്ങൾ പ്രസിഡന്‍റിനെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വംശീയ സ്വത്വം ഉയർത്തിപ്പിടിക്കുന്ന വസ്ത്രങ്ങൾക്ക് പ്രചാരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു ചില മധ്യേഷ്യൻ രാജ്യങ്ങളും സമീപ വർഷങ്ങളിൽ സമാനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കിർഗിസ്ഥാനിൽ നിഖാബ് നിരോധനം നടപ്പിലാക്കാൻ പൊലീസ് തെരുവിൽ പട്രോളിംഗ് നടത്താറുണ്ടെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഉസ്ബെക്കിസ്ഥാനിൽ നിഖാബ് നിയമം ലംഘിച്ചാൽ 250 ഡോളറിലധികം പിഴ ചുമത്തും. രാജ്യത്തിന്‍റെ സംസ്കാരത്തിന് പരിചിതമല്ലാത്ത വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുതെന്ന നിയമത്തിൽ തജാകിസ്ഥാൻ പ്രസിഡന്‍റും ഒപ്പുവച്ചു.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്