
നെയ്റോബി: ലോകത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊലയിൽ മതപുരോഹിതനുൾപ്പെടെ 95 പേർക്കെതിരെ കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ കെനിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ചൊവ്വാഴ്ച ഉത്തരവിട്ടു. സഭയിലെ അംഗങ്ങളായ 429 പേരുടെ മരണത്തിലാണ് പുരോഹിതൻ പോൾ മക്കൻസി ഉൾപ്പെടെ 95 പേർക്കെതിരെ നടപടിയെടുക്കാൻ തീരുമാനം.
രണ്ടാഴ്ചയ്ക്കകം പ്രതികൾക്കെതിരെ കുറ്റം ചുമത്തണമെന്നും അല്ലെങ്കിൽ കോടതി അവരെ വിട്ടയക്കണമെന്നും കിലിഫി തീരദേശ കൗണ്ടിയിലെ മജിസ്‌ട്രേറ്റിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ മുലേലെ ഇങ്കോംഗ.
കഴിഞ്ഞ ഏപ്രിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ, അന്വേഷണം പൂർത്തിയാകാത്തതിനാൽ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് വാദം. പ്രധാന പ്രതിയും സഭാ നേതാവ് പോൾ മക്കെൻസിയെയും മറ്റ് 28 പേരെയും കസ്റ്റഡിയിൽ സൂക്ഷിക്കാൻ പ്രോസിക്യൂട്ടർമാർ കോടതിയോട് അനുമതി ചോദിച്ചിരുന്നു. പ്രതികളെ 60 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന അഭ്യർത്ഥന പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് യൂസഫ് ശിഖന്ദ നിരസിച്ചു. പ്രോസിക്യൂഷന് മതിയായ അന്വേഷണത്തിന് മതിയായ സമയം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.
കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാൻ പാസ്റ്റർ നിർദ്ദേശിച്ചതായി രക്ഷപ്പെട്ടവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദൂര വനപ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഡസൻ കണക്കിന് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
Read More.. മതപുരോഹിതന്റെ നിർദ്ദേശം, കൂട്ടമരണം, കണ്ടെത്തിയ മൃതദേഹങ്ങളിൽ അവയവങ്ങൾ പലതുമില്ലെന്ന് റിപ്പോർട്ട്
ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിക്കുക, സംഘടിത ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ. ഫിലിം സ്റ്റുഡിയോ പ്രവർത്തിപ്പിക്കുന്നതിനും സാധുവായ ലൈസൻസില്ലാതെ സിനിമകൾ നിർമ്മിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മക്കെൻസി ഒരു വർഷത്തെ പ്രത്യേക ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
കെനിയയിൽ തീരനഗരമായ മാലിന്ദിയില്‍ നിന്നും കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേരുടെ ശവശരീരങ്ങൾ കണ്ടെത്തിയത്. പട്ടിണി കിടന്നുകൊണ്ടുള്ള മരണം മാത്രമല്ല സംഭവിച്ചത്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും അടിച്ചും കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ചിലരുടെ അവയവങ്ങളും മരണത്തിന് മുമ്പ് കാണാതായി. പലരുടെയും അവയവങ്ങൾ നേരത്തെ തന്നെ ശസ്ത്രക്രിയ ചെയ്ത് നിർബന്ധപൂർവം എടുത്തെന്നും സംശയിക്കുന്നു.