'പല ഓർഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തു', ട്രംപിന്‍റെ 50% തീരുവയിൽ കയറ്റുമതി മേഖലയിലെ ആശങ്ക മന്ത്രിയുമായി പങ്കുവച്ച് ബാങ്കുകളുടെ സമിതി

Published : Aug 13, 2025, 07:08 PM IST
trump rajiv

Synopsis

കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കയറ്റുമതി മേഖലയിലെ പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ് എല്‍ ബി സി) പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി എസ് എല്‍ ബി സി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.

ഈ മാസം 18 ന് ചേരുന്ന എസ് എല്‍ ബി സി യോഗത്തില്‍ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികള്‍ മന്ത്രിക്ക് ഉറപ്പു നല്‍കി. കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കയറ്റുമതി മേഖലയിലെ പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇതു മൂലം പ്രവര്‍ത്തന മൂലധനത്തിനായുള്ള കയറ്റുമതി മേഖലയുടെ അപേക്ഷകള്‍ പല ബാങ്കുകളും വൈകിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ മന്ത്രിയുമായി നടത്തിയ യോഗത്തില്‍ കയറ്റുമതി കേന്ദ്രീകൃത മേഖലയിലെ വ്യവസായികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസ് എല്‍ ബി സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിവേദനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമ്പോള്‍ കയറ്റുമതി മേഖലയുടെ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരവിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോകകേരള സഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാരും നീക്കം സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ നിന്ന് ട്രംപ് പിന്മാറിയതും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അലുമിനിയം, സ്റ്റീൽ എന്നിക്ക് ഫെബ്രുവരി മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ജൂണിൽ തീരുവ ഇരട്ടിയായി 50 ശതമാനമാക്കി. ഇതുകാരണം 7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കെതിരെ അമേരിക്ക അന്യായമായി പ്രവർത്തിക്കുകയാണെന്നാണ് ഇന്ത്യൻ നിലപാട്. യുഎസിന്റെ ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടികൾക്ക് മറുപടി നൽകാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും കേന്ദ്രം വീക്ഷിക്കുന്നു. യുഎസ് ഇന്ത്യയിലേക്ക് 45 ബില്യൺ ഡോളറിലധികം വിലവരുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യുന്നു. താരിഫ് വർധനക്ക് മുമ്പ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 86 ബില്യൺ ഡോളറായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്