'കിം ജോങ് ഉന്‍ മരിച്ചിട്ടില്ല'; ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ

By Web TeamFirst Published Apr 27, 2020, 9:30 AM IST
Highlights

''ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയിലെ കിഴക്കുള്ള വൊന്‍സാനിലെ ഒരു റിസോര്‍ട്ടിലാണ് അദ്ദേഹം...''

സിയൂള്‍: നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും ദക്ഷിണകൊറിയ. പൊതുപരിപാടികളില്‍ കിം പ്രത്യക്ഷപ്പെടാതായതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളുകയാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നിന്‍റെ സുരക്ഷാ ഉപദേഷ്ടാവ്  മൂന്‍ ജങ് ഇന്‍. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

''ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയിലെ കിഴക്കുള്ള വൊന്‍സാനിലെ ഒരു റിസോര്‍ട്ടിലാണ് അദ്ദേഹം. സംശയിക്കത്തക്കതായ ഒരു ഇടപെടലും ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 15ന് നടന്ന, കിമ്മിന്‍റെ മുത്തച്ഛനും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സങിന്‍റെ ചരമവാര്‍ഷികതത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങളും ആരംഭിച്ചത്.

ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്‌ലി എന്‍കെ  റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല. 

click me!