ലോകശ്രദ്ധ പശ്ചിമേഷ്യയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ചൈന തായ്‌വാന് ചുറ്റും നാവിക സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്. ആറ് ചൈനീസ് കപ്പലുകളെ കണ്ടെത്തിയതായി തായ്‌വാൻ സ്ഥിരീകരിച്ചു. 

തായ്‌പേയ്: പശ്ചിമേഷ്യ പുകയുന്നതിനിടെ തായ്‌വാനെ വട്ടമിട്ട് ചൈന. തായ്‌വാന്റെ സമുദ്രപരിധിക്ക് ചുറ്റും ആറ് ചൈനീസ് നാവിക കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6 മണി വരെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വ്യക്തമായിരുന്നു. തായ്‌വാൻ സൈന്യം ഇതിനോട് ഉചിതമായി പ്രതികരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ചൈന പ്രകോപനം തുടർന്നിരുന്നു. തായ്‌വാന് ചുറ്റും 8 ചൈനീസ് കപ്പലുകളുടെ സാന്നിധ്യമാണ് തിങ്കളാഴ്ച മാത്രം കണ്ടെത്തിയത്.

‘ഇന്ന് രാവിലെ 6 മണി വരെ തായ്‌വാന് ചുറ്റും ആറ് ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തായ്‌വാൻ സായുധ സേന ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ പ്രതികരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ തായ്‌വാന് ചുറ്റും ചൈനീസ് വിമാനങ്ങൾ കണ്ടെത്തിയിട്ടില്ല. അതിനാൽ വിമാനങ്ങളുടെ പാത സംബന്ധിച്ച ഭൂപടം ഇപ്പോൾ നൽകുന്നില്ല.’ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Scroll to load tweet…

ചൈനയും തായ്‌വാനും തമ്മിലുള്ള തർക്കം കാലാകാലങ്ങളായി നീണ്ടുനിൽക്കുന്നതാണ്. ചരിത്രപരവും രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളാൽ സങ്കീർണ്ണമാണിത്. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, തായ്‌വാൻ സ്വന്തമായി ഗവൺമെന്റും സൈന്യവും സമ്പദ്‌വ്യവസ്ഥയുമുള്ള ഒരു സ്വതന്ത്ര രാജ്യമായാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പരമാധികാരം, സ്വയം നിർണ്ണയാധികാരം തുടങ്ങിയ വിഷയങ്ങളിൽ വലിയ ചർച്ചകൾക്ക് ഈ തർക്കം കാരണമാകുന്നുണ്ടെന്ന് യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ചരിത്രം

1683ൽ ക്വിംഗ് രാജവംശം തായ്‌വാനെ തങ്ങളുടെ ഭരണത്തിന് കീഴിലാക്കി. 1895ൽ ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിന് ശേഷം ചൈന തായ്‌വാനെ ജപ്പാന് വിട്ടുകൊടുത്തു. അടുത്ത 50 വർഷം തായ്‌വാൻ ഒരു ജാപ്പനീസ് കോളനിയായിരുന്നു. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്റെ പരാജയത്തോടെ തായ്‌വാൻ വീണ്ടും ചൈനയുടെ നിയന്ത്രണത്തിലായി. എന്നാൽ ഇതിന്റെ പരമാധികാര കൈമാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല.

1949ൽ ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ അധികാരം പിടിച്ചെടുക്കുകയും 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന' സ്ഥാപിക്കുകയും ചെയ്തു. അന്ന് മുതൽ തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചൈനയുമായുള്ള സൈനിക സംഘർഷം ഒഴിവാക്കാനായി തായ്‌വാൻ ഇതുവരെ ഔദ്യോഗികമായി പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുമില്ല.