യുദ്ധവാർഷികത്തിന് സൈനിക ഉദ്യോഗസ്ഥർക്ക് 'സ്‌പെഷ്യൽ' കൈത്തോക്ക് സമ്മാനിച്ച് കിം ജോംഗ് ഉൻ

By Web TeamFirst Published Jul 28, 2020, 10:40 AM IST
Highlights

പ്രാണൻ വെടിഞ്ഞും കിമ്മിനെ സംരക്ഷിക്കും എന്ന് അദ്ദേഹത്തിന് മുന്നിൽ പ്രതിജ്ഞ ചെയ്ത സൈനിക ഓഫീസർമാർ അദ്ദേഹത്തോടൊപ്പം തോക്കുകൾ ചൂണ്ടി, ഗ്യാങ്സ്റ്റർമാരെപ്പോലെ ഒരു ഗ്രൂപ്പ് ഫോട്ടോക്കും പോസ് ചെയ്തിട്ടാണ് പിരിഞ്ഞത്. 

പ്യോങ്യാങ് : 1953 -ൽ അവസാനിച്ച ഇരുകൊറിയകളും തമ്മിലുള്ള യുദ്ധത്തിന്റെ 67-ാം വാർഷികദിനമായിരുന്നു തിങ്കളാഴ്ച. അന്നേ ദിവസമാണ് 'ആർമിസ്റ്റൈസ് ഉടമ്പടി'യിലൂടെ കൊറിയൻ യുദ്ധത്തിന് വിരാമമായത്.  പ്യോങ്യാങ്ങിലെ പാർട്ടി കേന്ദ്ര കമ്മിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് ‌തന്റെ പട്ടാള ജനറലുമാർക്ക് ഓരോ 'മൗണ്ട് പേയ്ക്തു' (Mt Paektu) പിസ്റ്റലുകൾ സമ്മാനിച്ചാണ് ഉത്തര കൊറിയൻ സുപ്രീം ലീഡർ കിം ജോങ്‌ ഉൻ ആ ദിവസം അവിസ്മരണീയമാക്കിയത്.

 

 

'വിപ്ലവപാതയിൽ' ജീവിതം തുടർന്നും സാർത്ഥകമാക്കണം എന്ന് അവരെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. പ്രാണൻ വെടിഞ്ഞും കിമ്മിനെ സംരക്ഷിക്കും എന്ന് അദ്ദേഹത്തിന് മുന്നിൽ പ്രതിജ്ഞ ചെയ്ത സൈനിക ഓഫീസർമാർ അദ്ദേഹത്തോടൊപ്പം തോക്കുകൾ ചൂണ്ടി, ഗ്യാങ്സ്റ്റർമാരെപ്പോലെ ഒരു ഗ്രൂപ്പ് ഫോട്ടോക്കും പോസ് ചെയ്തിട്ടാണ് പിരിഞ്ഞത്. 

 

 

 'മൗണ്ട് പേയ്ക്തു' (Mt Paektu) പിസ്റ്റൾ എന്നത് ഉത്തര കൊറിയൻ സൈനിക ഓഫീസർമാർ വളരെ വിലമതിക്കുന്ന ഒരു സമ്മാനമാണ്. എഴുപതുകളിലെ Czech CZ-75 ഹാൻഡ് ഗണ്ണുകളുടെ മോഡലിൽ നിര്മിക്കപ്പെട്ടിട്ടുള്ള ഒരു 9 എംഎം കാലിബർ പിസ്റ്റൾ ആണ് മൗണ്ട് പേയ്ക്തു. ഈ പിസ്റ്റലിന്റെ ബാരലിൽ, സുപ്രീം ലീഡർ കിം ഇൽ സങ്ങിന്റെ കയ്യക്ഷരത്തിന്റെ മാതൃകയിൽ 'മൗണ്ട് പേയ്ക്തു' എന്ന് കൊറിയൻ ഭാഷയിൽ എൻഗ്രെയ്‌വ് ചെയ്തിട്ടുണ്ടാകും. കിം ജോങ്‌ ഉന്നിന്റെ അപ്പൂപ്പൻ  കിം ഇൽ സങ്ങും, അച്ഛൻ കിം ജോങ്‌ ഇല്ലും തങ്ങൾ സുപ്രീം ലീഡർമാർ ആയിരുന്ന സമയത്ത് ഇതുപോലെ മൗണ്ട് പേയ്ക്തു പിസ്റ്റലുകൾ സൈനിക ഓഫീസർമാർക്ക് ബഹുമതി പോലെ സമ്മാനിച്ചിരുന്നു. അതേ ആചാരമാണ് ഇപ്പോൾ കിം ജോങ്‌ ഉന്നും പിന്തുടരുന്നത്. ഇത്തവണ നൽകിയ തോക്കുകളിൽ കിം ജോങ് ഉന്നിന്റെ കയ്യൊപ്പുമുണ്ട്. "രാജ്യത്തോടും, മഹത്തായ കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയോടും അചഞ്ചലമായ കൂറ് കാത്തു സൂക്ഷിക്കണം' എന്ന് തോക്കുകൾ സമ്മാനിച്ച് കൊണ്ട് കിം ഓഫീസർമാരോട് പറഞ്ഞു.

 

 

കറുത്ത സ്യൂട്ടും വെളുത്ത നിറത്തിലുള്ള വെൽവെറ്റ് ഗ്ലൗസും  ധരിച്ചുകൊണ്ട്  ഇളയ സഹോദരി കിം യോ ജോങാണ് സൈനിക ഓഫീസർമാർക്ക് നൽകാനുള്ള തോക്കുകൾ കിമ്മിന് എടുത്തു നൽകിയത്. 

click me!