കൂടിക്കാഴ്ചക്ക് താത്പര്യമുണ്ടെന്ന ട്രംപിന്‍റെ പ്രസ്താവനക്ക് കിം ജോങ് ഉന്നിന്‍റെ മറുപടി, ആണവായുധങ്ങളിലെ പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചയാകാം

Published : Sep 22, 2025, 07:01 PM IST
kim jong un

Synopsis

അമേരിക്കയുടെ ഉപരോധങ്ങളിൽ നിന്ന് മുക്തമാകാൻ വേണ്ടി മാത്രം ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. കൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ ആയിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം

ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് നിർബന്ധിക്കുന്നത് നിർത്തിയാൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയാറെന്ന് വടക്കൻ കൊറിയ. അമേരിക്കയുടെ ഉപരോധങ്ങളിൽ നിന്ന് മുക്തമാകാൻ വേണ്ടി മാത്രം ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. കൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ ആയിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഗുരുതരമായ ഭീഷണികളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ ആണവായുധങ്ങൾ രാജ്യത്തിന് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഉത്തര കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കുന്ന തരത്തിലുള്ള ഒരു ചർച്ചക്കും തയ്യാറല്ലെന്നും കിം വ്യക്തമാക്കി. ഉത്തരകൊറിയയെ ദുർബലപ്പെടുത്താനും ഭരണകൂടത്തെ നശിപ്പിക്കാനുമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉദ്ദേശ്യം മാറ്റമില്ലാതെ തുടരുകയാണെന്നും കിം കുറ്റപ്പെടുത്തി.

കിമ്മുമായി കൂടിക്കാഴ്ചക്ക് താത്പര്യമുണ്ടെന്ന് ട്രംപ്

ഈ വർഷം വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കവേയാണ് ട്രംപ് ഈ ആഗ്രഹം വെളിപ്പെടുത്തിയത്. മുൻപ് കിമ്മുമായി നടത്തിയ ചർച്ചകൾ കൊറിയൻ ഉപദ്വീപിൽ സമാധാനം നിലനിർത്തുന്നതിന് സഹായകമായെന്നും, വീണ്ടും അത്തരമൊരു കൂടിക്കാഴ്ച പ്രാദേശിക സ്ഥിരതയ്ക്ക് ഗുണകരമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യ - യു എസ്‍ വ്യാപാര കരാര്‍; ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ അമേരിക്കയിൽ

ഇന്ത്യ - യു എസ് വ്യാപാര കരാർ ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ അമേരിക്കയിലെത്തി. ഇന്ത്യ - യു എസ് വ്യാപാര കരാർ ചർച്ചകൾ ഇന്ന് ന്യൂയോർക്കിൽ പുനരാരംഭിക്കും. വാണിജ്യ മന്ത്രി പിയുഷ് ഗോയൽ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ന്യൂയോർക്കിലെത്തും. യു എസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യു എസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളുടെ ഭാഗമാകും. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നും വൃത്തങ്ങൾ പറയുന്നു. ഇന്ത്യ- യു എസ് ചർച്ചകളിൽ എച്ച് 1 ബി വിസയുടെ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട ആശങ്ക ഇന്ത്യ അറിയിക്കും. യു എസിന്‍റെ വിസ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. വിദേശകാര്യമന്ത്രി ഉൾപ്പടെയുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു. പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. നിലവിലെ എച്ച് 1 ബി വീസകൾക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?