
പോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ കഴിഞ്ഞ കുറേക്കാലമായി അധികമായി പൊതുവേദികളിൽ കാണാറില്ല. ഇടയ്ക്ക് പ്രത്യക്ഷപ്പെടുമ്പോൾ വലിയ തോതിൽ വാർത്തയാകാറുമുണ്ട്. ഇപ്പോഴിതാ കിം ജോങ് ഉൻ വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മകളുമൊത്ത് ഫുട്ബോൾ മത്സരം കാണാനാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എത്തിയത്. അച്ഛൻ കിം ജോംഗ് ഇല്ലിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് കാബിനറ്റ് അംഗങ്ങളും പ്രതിരോധ മന്ത്രാലയം ജീവനക്കാരും തമ്മിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിനിടയിൽ, റിമോട്ട് കൺട്രോൾ വിമാനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. കയ്യടിച്ചും ആർത്തുവിളിച്ചും കിമ്മും മകൾ കിം ജു ഏയും മത്സരം ആസ്വദിച്ചു. രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും മത്സരം കാണാനെത്തി. കിം ജോംഗ് ഉന്നിന്റെ പിൻഗാമി മകളാണ് എന്ന അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് പൊതുവേദിയിൽ മകളുമൊത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇതോടെ കിം ജു ഏയ് ആകും പിൻഗാമിയെന്ന ചർച്ചകളും സജീവമായി. കിം ജു ഏയ് തുടർച്ചയായി പങ്കെടുക്കുന്ന ആറാമത്തെ പൊതു ചടങ്ങായിരുന്നു ഫുൾബോൾ മത്സരവേദിയെന്നതും ചർച്ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല എന്ന ഉത്തരവ് പുറത്തിറക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മകളുടെ പേരായ കിം ജു ഏ നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫോക്സ് ന്യൂസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഉത്തര കൊറിയയോ കിം ജോങ് ഉന്നോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.