വിചിത്രം! പുട്ടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുന്ന കസേരയും സ്പർശിച്ച വസ്തുക്കളും വൃത്തിയാക്കി കിമ്മിന്റെ അം​ഗരക്ഷകർ, ലക്ഷ്യം ഡിഎൻഎ മോഷണം തടയലോ....

Published : Sep 04, 2025, 05:30 AM IST
Kim Jong UN

Synopsis

കസേരയുടെ പിൻഭാഗവും ആംറെസ്റ്റുകൾ തുടച്ചു. സൈഡ് ടേബിൾ പോലും വൃത്തിയാക്കി. അദ്ദേഹത്തിന്റെ കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയിൽ കൊണ്ടുപോയി

ബീജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉപയോ​ഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകർ. ടെലിഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കിമ്മിന്റെ ഡിഎൻഎ ലഭ്യമല്ലാതാക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് പറയുന്നു. കസേരയുടെ പിൻഭാഗവും ആംറെസ്റ്റുകൾ തുടച്ചു. സൈഡ് ടേബിൾ പോലും വൃത്തിയാക്കി. അദ്ദേഹത്തിന്റെ കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയിൽ കൊണ്ടുപോയി. ചർച്ചകൾക്ക് ശേഷം, കിമ്മിന്റെ ജീവനക്കാർ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും ശ്രദ്ധാപൂർവ്വം ഇല്ലാതാക്കിയെന്ന് റഷ്യൻ പത്രപ്രവർത്തകൻ അലക്സാണ്ടർ യുനാഷെവ് തന്റെ ചാനലായ യുനാഷെവ് ലൈവിൽ റിപ്പോർട്ട് ചെയ്തു. കൊറിയൻ നേതാവ് സ്പർശിച്ച ഫർണിച്ചറുകളുടെ ഭാഗങ്ങളടക്കം തുടച്ച് വൃത്തിയാക്കി. കൂടിക്കാഴ്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും കിമ്മും പുടിനും വളരെ സംതൃപ്തരായിരുന്നുവെന്നും യുനാഷെവ് കൂട്ടിച്ചേർത്തു.

കിമ്മിന്റെ ഫോറൻസിക് തലത്തിലുള്ള മുൻകരുതലുകൾക്ക് കാരണം വ്യക്തമല്ല. എന്നാൽ റഷ്യയുടെ സുരക്ഷാ സേവനങ്ങളെക്കുറിച്ചുള്ള ഭയമോ ചൈനയുടെ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയോ ആകാം ഇതിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഡിഎൻഎ കണ്ടെടുക്കുന്നത് തടയാൻ പുടിൻ തന്നെ അസാധാരണമായ കാര്യങ്ങൾ ചെയ്യാറുണ്ട്. വിദേശയാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മൂത്രവും മലവും സീൽ ചെയ്ത ബാഗുകളിൽ ശേഖരിക്കാൻ അംഗരക്ഷകരെ നിയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. അലാസ്കയിൽ വെച്ച് ഡൊണാൾഡ് ട്രംപുമായുള്ള പുടിൻ കൂടിക്കാഴ്ചയിലും റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ മാലിന്യങ്ങൾ സ്യൂട്ട്കേസുകളിൽ മോസ്കോയിലേക്ക് തിരികെ കൊണ്ടുപോയിരുന്നു.

ചർച്ചകളിൽ കിം മോസ്കോയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിങ്ങൾക്കും റഷ്യൻ ജനതയ്ക്കും വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതോ ചെയ്യേണ്ടതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് എന്റെ കടമയായി ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തെ അയച്ചതിന് പുടിൻ നന്ദി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം കിമ്മിന്റെ ചൈനയിലേക്കുള്ള ആദ്യ യാത്രയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം