
പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. 2024 ഡിസംബർ 31 നകം ഇന്ത്യയിൽ എത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് രേഖകൾ ഇല്ലെങ്കിലും തങ്ങാൻ അനുമതി. ഇവരെ സിഎഎ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയേക്കും. നേരത്തെ 2014 ഡിസംബർ 31 വരെ വന്നവർക്കായിരുന്നു രാജ്യത്ത് തങ്ങാൻ അനുമതി. അതേസമയം, സിഎഎ നിയമം ഭേദഗതി ചെയ്തെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കേന്ദ്രമന്ത്രി സുകന്ത മജൂംദാർ ഡിലീറ്റ് ചെയ്തു. സിഎഎ നിയമത്തിൽ മാറ്റം വരുത്താൻ പാർലമെൻ്റിനെ സാധിക്കൂ എന്ന് തൃണമൂൽ കോൺഗ്രസ്, കേന്ദ്രമന്ത്രി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് സാകേത് ഗോഖലെ പറഞ്ഞു.
രണ്ട് വർഷം മുൻപ് തൃശ്ശൂർ കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ച ദൃശ്യങ്ങൾ പുറത്ത്. 2023 ഏപ്രിൽ മാസത്തെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നത് മർദ്ദനമേറ്റ വിഎസ് സുജിത്ത് വിവരാവകാശ നിയമ പ്രകാരം നടത്തിയ പോരാട്ടത്തിന് ഒടുവിലാണ്. സുഹൃത്തുക്കളോടുള്ള മോശം പെരുമാറ്റം ചോദ്യം ചെയ്തതിലെ പൊലീസിന്റെ പ്രതികാരമായിരുന്നു അതിക്രൂര മർദ്ദനം. കുറ്റക്കാരായ പൊലീസുകാർ ഇപ്പോഴും സർവീസിലുള്ളത് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. വിവാദങ്ങൾക്കിടെ ഏറെ ദിവസത്തെ നിശബ്ദതയ്ക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നത്.
പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി പരസ്യമാക്കി വനിതാ കൗൺസിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ 31-ാം വാർഡ് കോൺഗ്രസ് കൗൺസിലർ സി സന്ധ്യയാണ് രാജിവച്ചച്. പത്ത് വർഷമായി യു ഡി എഫ് കൗൺസിലറായ സന്ധ്യ, ലൈംഗീകാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതിടക്കം ചൂണ്ടിക്കാട്ടിയാണ് രാജി വച്ചത്. പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന്റെ അവഗണനയും രാജി പ്രഖ്യാപനത്തിന് കാരണമായെന്നാണ് വിവരം. സ്വമേധയാ ഞാൻ രാജിവയ്ക്കുന്നുവെന്നാണ് സന്ധ്യയുടെ രാജിക്കത്തിൽ പറയുന്നത്.
'ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി'; വേദിയിലിരുത്തി പുകഴ്ത്തി മുഖ്യമന്ത്രി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ജർമ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയ്ക്കും ജർമ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും എസ് ജയശങ്കർ അറിയിച്ചു. ജർമ്മനിയിലേക്ക് വിദ്യാർത്ഥികൾക്ക് ഹ്രസ്വ വീസ നൽകും. ബഹുധ്രുവ ലോകത്തിൽ സഹകരണത്തിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്നും ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥ നേരിടുന്നു എന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.