തടുക്കാനാവാത്ത ആക്രമണം; വ്യോമപ്രതിരോധം നിലംപരിശായി, യുക്രൈനെ ഇളക്കിമറിച്ച് റഷ്യന്‍ ആക്രമണം

Published : Jul 06, 2026, 02:42 PM IST
Ukraine attack

Synopsis

തിങ്കളാഴ്ച റഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നുപോലും വെടിവെച്ചിടാന്‍ യുക്രൈന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. 29 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും 34 ഇടങ്ങളില്‍ പതിച്ചതായി യുക്രൈന്‍ വ്യോമസേന സ്ഥിരീകരിച്ചു.

കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന നിര്‍ണായക നാറ്റോ ഉച്ചകോടി തുര്‍ക്കിയില്‍ ആരംഭിക്കാനിരിക്കെ, യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ വന്‍ മിസൈലാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മുകളിലേക്ക് മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണുണ്ടായത്. ബഹുനില കെട്ടിടങ്ങളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ നാല് പ്രവിശ്യകളില്‍ റഷ്യന്‍ ആക്രമണം കടുത്ത നാശം വിതച്ചതായും ഇതില്‍ പോഡില്‍സ്‌കി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായതെന്നും കീവ് മേയര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച റഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നുപോലും വെടിവെച്ചിടാന്‍ യുക്രൈന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. 29 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും 34 ഇടങ്ങളില്‍ പതിച്ചതായി യുക്രൈന്‍ വ്യോമസേന സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് കീവ്, സുമി, ഖാര്‍കിവ്, ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലകളില്‍ പൂര്‍ണ്ണമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

യുക്രൈന്‍ തങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സൈനിക-ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ അവകാശപ്പെട്ടു.

തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം പ്രധാന ചര്‍ച്ചാവിഷയമാകും. ഉച്ചകോടിക്കിടെ ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

അധികാരത്തില്‍ എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ രണ്ടാം ഊഴം 500 ദിവസം പിന്നിടുമ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

റഷ്യയുടെ അതിവേഗ ജെറ്റ് ഡ്രോണുകളായ ഗെരാന്‍-4, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ ചെറുക്കാന്‍ അമേരിക്കന്‍ നിര്‍മ്മിത പേട്രിയറ്റ് പ്രതിരോധ മിസൈലുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യം സെലന്‍സ്‌കി വീണ്ടും ശക്തമാക്കി. സഖ്യകക്ഷികളുടെ പക്കല്‍ ആവശ്യത്തിന് മിസൈലുകള്‍ ഉണ്ടെങ്കിലും അവ യക്രൈന് നല്‍കാത്തതാണ് പ്രതിരോധം പരാജയപ്പെടാന്‍ കാരണമെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. നാറ്റോ ഉച്ചകോടിയില്‍ യുക്രൈന്റെ വ്യോമപ്രതിരോധം ശക്തമാക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിരോധം, ഊർജ്ജം, സമുദ്ര സുരക്ഷ, എഐ നിക്ഷേപം, വ്യാപാരം, വമ്പൻ പ്രതീക്ഷകളുമായി പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി
റെസ്റ്റോറന്‍റിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം