ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള മോദിയുടെ സന്ദർശനം ആരംഭിച്ചു. പ്രതിരോധം, ഊർജ്ജം, എഐ നിക്ഷേപം, വ്യാപാരം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കും. മൂന്ന് രാജ്യങ്ങളിലെ പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും
ദില്ലി: ഇന്തോനേഷ്യ, ഓസ്ട്രേല്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. വൈകിട്ട് ഇന്തോനേഷ്യയിൽ എത്തുന്ന പ്രധാനമന്ത്രി നാളെ ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോയുമായി ചർച്ച നടത്തും. പ്രതിരോധം, ഊർജ്ജം, സമുദ്ര സുരക്ഷ തുടങ്ങി നിരവധി രംഗങ്ങളിലെ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും. ഓസ്ട്രേലിയയിൽ ബുധനാഴ്ച എത്തുന്ന പ്രധാനമന്ത്രി വ്യാപാര, സാമ്പത്തിക, സാങ്കേതിക രംഗങ്ങളിൽ യോജിച്ചു നീങ്ങുന്നതിനുള്ള ചർച്ച നടത്തും. ഓസ്ട്രേലിയൻ കമ്പനിയായ എയർട്രങ്ക് അഞ്ച് കൊല്ലത്തിൽ മൂന്ന് ലക്ഷം കോടി രൂപ ഇന്ത്യയിൽ എ ഐ ഡേറ്റ സെൻറർ സ്ഥാപിക്കുന്നതിനടക്കം നിക്ഷേപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർ ചർച്ചയും പ്രധാനമന്ത്രി നടത്തും.
മെൽബണിൽ ക്രിക്കറ്റ് കൂടിക്കാഴ്ച
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഒന്നിച്ച് ക്രിക്കറ്റ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തും. ശേഷം ന്യൂസിലാൻഡിലെത്തുന്ന നരേന്ദ്ര മോദി, ഇന്ത്യ - ന്യൂസിലാൻഡ് വ്യാപാര കരാർ ഒപ്പു വച്ച ശേഷമുള്ള സാഹചര്യം വിലയിരുത്തും. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി നടക്കുന്ന ചർച്ചകൾക്കു ശേഷം കാർഷിക മേഖലയിലടക്കം സഹകരണത്തിന് ധാരണയിലെത്തും. രാജീവ് ഗാന്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത്. മൂന്ന് രാജ്യങ്ങളിലെയും പ്രവാസികളെയും മോദി കാണുന്നുണ്ട്.
