കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനത്തിൽ; 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്, 50 പേർ ഹരിയാനയിൽ നിന്നുള്ളവർ

Published : Oct 28, 2025, 08:27 AM IST
54 Indians deported from US

Synopsis

നാടുകടത്തപ്പെട്ടവരിൽ ഏറെയും 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ്. തൊഴിൽ തട്ടിപ്പിനിരയായി അമേരിക്കയിലേക്ക് അനധികൃതമായി എത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം.

ദില്ലി: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരിൽ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്നുള്ള 16 പേർ, കൈത്തൽ ജില്ലയിൽ നിന്നും 15, അംബാലയിൽ നിന്ന് 5, യമുനാനഗർ - 4, കുരുക്ഷേത്ര - 4, ജിന്ദ് - 3, സോണിപത് - 2, പഞ്ചകുള, പാനിപത്, റോഹ്തക്, ഫത്തേബാദ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് നാടുകടത്തപ്പെട്ട് തിരിച്ചെത്തിയത്. നാടുകടത്തപ്പെട്ടവരിൽ ഏറെയും 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ്. തൊഴിൽ തട്ടിപ്പിനിരയായി അമേരിക്കയിലേക്ക് അനധികൃതമായി എത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണ് പലരുമെന്ന് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോ‍ർട്ട് ചെയ്യുന്നു.

'എന്റെ കാലുകൾ വീർത്തിരിക്കുന്നു. വിമാനയാത്രയിൽ 25 മണിക്കൂർ ഞാൻ ചങ്ങലയിലായിരുന്നു.'- യുഎസ് നാടുകടത്തിയ 45 കാരനായ ഹർജീന്ദർ സിങ് പറഞ്ഞു. മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാൻ 35 ലക്ഷം രൂപ ചെലവഴിച്ചതായും എന്നാൽ കുടുംബത്തിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന തന്റെ സ്വപ്നങ്ങൾ ഇപ്പോൾ തകർന്നതായും സിങ് പറഞ്ഞു. എന്നാൽ, ഏജന്റുമാർക്കെതിരെ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.   ഹരിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു. ജനുവരിയിൽ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം യുഎസ് അധികൃതർ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു