
ന്യൂയോർക്ക്: ഹോട്ട്‌പോട്ട് ടേക്ക്‌എവേ ഷോപ്പിൽ നിന്നും ഭക്ഷണം യുവതിക്ക് തന്റെ ഫുഡ് കണ്ടെയ്നറിന്റെ അടിയിൽ നിന്നും കിട്ടിയത് മൊബൈൽ ഫോണ്‍. ഇത്രയും ചൂടും ദ്രാവകാവസ്ഥയിലുള്ള ന്യൂഡിൽസിന് കീഴിൽ ഉണ്ടായിരുന്നിട്ടും ഫോണിന് കേടുപാടുകളൊന്നുമുണ്ടായിരുന്നില്ല. അഡലെയ്ഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജ ശ്രദ്ധയാണ് തനിക്കുണ്ടായ ഈ അനുഭവം ഒരു ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വീഡിയോ പിന്നീട് വൈറലായി.
ടേക്ക്എവേ ഷോപ്പിൽ നിന്നും വാങ്ങിയ നൂഡിൽസ് സൂപ്പ് ഭൂരിഭാഗവും റസ്റ്റോറന്റിൽ വെച്ച് കഴിച്ചുവെന്നും ബാക്കിയുള്ളത് വീട്ടിലേക്ക് കൊണ്ടു പോകുകയാണ് ചെയ്തതെന്നും യുവതി പറയുന്നു. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ കണ്ടെയ്നറിൽ അസാധാരണമായ എന്തോ ഉണ്ടെന്ന് തോന്നി. നോക്കിയപ്പോഴാണ് മൊബൈൽ ഫോണ്‍ കണ്ടെത്തിയത്. മൊബൈലെടുത്തപ്പോൾ സ്ക്രീനിൽ താപനില മുന്നറിയിപ്പ് കാണിക്കുന്നുണ്ടായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
റസ്റ്റോറന്റിനു മേൽ പരാതിയൊന്നുമില്ലെന്നും പിന്നീട് അത് റെസ്റ്റോറന്റിലെ ഒരു ഷെഫിന്റെ ഫോണായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തതായി യുവതി വ്യക്തമാക്കി. പിന്നീട് യുവതി ഫോണ്‍ തിരികെയെത്തിച്ചു. റസ്റ്റോറന്റ് ക്ഷമാപണം നടത്തി $50 നഷ്ടപരിഹാരമായി നൽകിയെന്നും അടുത്ത തവണത്തെ ഭക്ഷണം ഫ്രീയായി നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നും യുവതി പുറത്തു വിട്ട വീഡിയോയിലൂടെ പറയുന്നുണ്ട്.