
കിം ജോങ് ഉൻ കോമയിലാണെന്നുള്ള അഭ്യൂഹങ്ങൾക്കിടയിൽ ഉത്തരകൊറിയൻ ദേശീയ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ഈ ചിത്രങ്ങൾ കൊടുങ്കാറ്റ് ബാധിച്ച് കെടുതിയിലായ തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന സുപ്രീം ലീഡറുടേതാണ് എന്നാണ് സർക്കാർ മാധ്യമങ്ങൾ പറയുന്നത്.
കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. വെള്ള ഷർട്ടും, തവിട്ടു നിറത്തിലുള്ള പാന്റുമിട്ടാണ് മുപ്പത്താറുകാരനായ ഈ ഉത്തരകൊറിയൻ ഭരണാധിപതി തന്റെ അനുയായികൾക്കൊപ്പം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പാന്റിന്റെ നിറത്തിനൊപ്പിച്ച് ഒരു മിലിട്ടറി സ്റ്റൈൽ തൊപ്പിയും ധരിച്ചിട്ടുണ്ട് കിം.
കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ തീരപ്രദേശങ്ങളിലൂടെ ആഞ്ഞുവീശിയ ടൈഫൂൺ മായാസ്ക്ക് ആയിരത്തിലധികം വീടുകൾക്ക് നാശമുണ്ടാക്കി എന്നും ഡസൻ കണക്കിന് പേർക്ക് ജീവനാശമുണ്ടായി എന്നും അറിഞ്ഞപ്പോഴാണത്രെ സുപ്രീം ലീഡർ സന്ദർശനത്തിനായി ഇറങ്ങിത്തിരിച്ചത്. കൃത്യസമയത്ത് ഈ കൊടുങ്കാറ്റിന്റെ വിവരം അറിയാതിരുന്നതിനും, ആളുകൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ പരാജയപ്പെട്ടതിനും നിരവധി കാലാവസ്ഥാ ശാസ്ത്രജ്ഞരും, ദുരന്ത നിവാരണ സേനാ ജീവനക്കാരും കിം ജോങ് ഉന്നിന്റെ അപ്രീതിക്ക് ഇരയായിട്ടുണ്ടെന്നും പറയപ്പെടുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്നറിയിച്ചു കിം തന്റെ സന്ദർശനത്തിനിടയിൽ തന്നെ ചിലരെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. പന്ത്രണ്ടായിരത്തിലധികം കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളെ ദുരന്ത മുഖത്തേക്ക് പറഞ്ഞയച്ചിട്ടുണ്ട് കിം എന്നും സർക്കാർ ഏജൻസി റിപ്പോർട്ട് ചെയുന്നു,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam