
സ്റ്റോക്ഹോം: ഇന്ത്യയിലെയും സ്വീഡനിലെയും തൊഴിലിടങ്ങളിലെ പ്രധാന വ്യത്യാസങ്ങളെ കുറിച്ച് വിശദീകരിച്ച് ഇന്ത്യക്കാരനായ ഐടി ജീവനക്കാരൻ. സ്വീഡനിൽ കോർപ്പറേറ്റ് ജോലികളിൽ ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകുന്നുവെന്നും അത് വെറും വാക്കല്ലെന്നും സോഫ്റ്റ്‍വെയർ ഡെവലപ്പറായ അശുതോഷ് സമൽ പറയുന്നു.
സ്വീഡനിൽ ജീവനക്കാർ സാധാരണയായി രാവിലെ എട്ട് മണിക്ക് ജോലി തുടങ്ങുമെന്ന് അശുതോഷ് സമൽ വീഡിയോയിൽ പറയുന്നു. ചില ഓഫീസുകളിൽ സൗജന്യായി പ്രഭാത ഭക്ഷണം പോലും ലഭിക്കും. ജോലി സ്ഥലത്ത് ഇരിപ്പിടത്തിന്‍റെ കാര്യത്തിൽ ജൂനിയർ സീനിയർ വ്യത്യാസമൊന്നുമില്ല. സിഇഒയ്ക്ക് ഉൾപ്പെടെ പ്രത്യേക സീറ്റുകളുണ്ടാവാറില്ല. എല്ലാവരും അവിടെ ഒരുപോലെയാണ്. ചിലപ്പോൾ സിഇഒ തന്റെ അരികിലിരുന്ന് ജോലി ചെയ്യാറുണ്ടെന്നും സമൽ പറഞ്ഞു.
ജോലി സമയത്ത് ഇടവേളകൾ എടുക്കാനും ഗെയിം കളിക്കാനും കാപ്പി കുടിക്കാനുമെല്ലാം ജീവനക്കാർക്ക് സമയം നൽകുന്നു. വേനൽക്കാലത്ത്, ചില ഓഫീസുകൾ പ്രവൃത്തി സമയം എട്ട് മണിക്കൂറിൽ നിന്ന് ഏഴ് മണിക്കൂറായി കുറയ്ക്കാറുണ്ട്. വൈകുന്നേരം 4 അല്ലെങ്കിൽ 4.30 ആകുമ്പോഴേക്കും മിക്കവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിന് അവിടെ മുൻഗണനയുണ്ടെന്നും സമൽ പറയുന്നു.
"സ്വീഡനിലെയും യൂറോപ്പിലെയും കോർപ്പറേറ്റ് ഓഫീസ് സംസ്കാരം ഇന്ത്യയിലേതിൽ നിന്ന് വ്യത്യസ്തമാണ്" എന്ന അടിക്കുറിപ്പോടെയാണ് സമൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനകം വൈറലാണ്. യൂറോപ്യൻ സംസ്കാരങ്ങളിൽ ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് ചിലർ കമന്‍റ് ചെയ്തു. ഇന്ത്യയും സമാനമായ സമീപനത്തിലേക്ക് പതുക്കെ മാറുകയാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. വേറെ ചിലരാകട്ടെ ഇവിടെ കോർപറേറ്റ് സംസ്കാരം വിഷലിപ്തമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പറഞ്ഞ തൊഴിൽ സംസ്കാരം ഇന്ത്യയിലുമുണ്ടെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.