
നേപ്പിൾസ്: 20 അടിയുടെ വ്യത്യാസം ലാൻഡ് ചെയ്യാനാവാതെ വിമാനം തിരിച്ചുവിട്ടു. വിമാന യാത്രക്കാർക്ക് ബസിൽ പോകേണ്ടി വന്നത് 225 കിലോമീറ്റർ. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന് എയർപോർട്ടിൽ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടെന്ന് അവസാന നിമിഷത്തിൽ തിരിച്ചറിഞ്ഞത് മൂലം കഷ്ടപ്പെടേണ്ടി വന്നത് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ യാത്രക്കാരാണ്.
ഇറ്റലിയിലെ നേപ്പിൾസിലാണ് സംഭവം. അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് വിമാനമാണ് ലാൻഡ് ചെയ്യാനാവാതെ തിരിച്ച് പോയത്. ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്തിയതായിരുന്നു ഈ വിമാനം. രാവിലെ പത്ത് മണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പതിവായി എത്തുന്ന വിമാനമല്ല എന്ന് അധികൃതരുടെ ശ്രദ്ധയിൽ വരുന്നത്. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് വഴി തിരിച്ച് വിട്ടതും റോമിൽ ഇറങ്ങേണ്ടി വന്നതും. സാധാരണ ഗതിയിൽ ബോയിംഗ് 787-8 വിമാനമാണ് ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്താറുള്ളത്.
പതിവായി എത്താറുള്ള വിമാനത്തേക്കാൾ 20 അടി നീളക്കൂടുതലാണ് കഴിഞ്ഞ ദിവസമെത്തിയ ഡ്രീം ലൈനർ വിമാനത്തിന്. പ്രവർത്തന നിയന്ത്രണങ്ങൾ മൂലമാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് അധികൃതർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. റോമിൽ ഇറങ്ങാൻ നിർബന്ധിതരാവേണ്ടി വന്ന യാത്രക്കാർക്ക് ബസ് മാർഗം മൂന്ന് മണിക്കൂറിലേറെയാണ് നേപ്പിൾസിലേക്ക് സഞ്ചരിക്കേണ്ടി വന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായാണ് അധികൃതർ അമേരിക്കൻ എയർലൈൻ വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam