ബെയ്റൂത്തിലെ ഉഗ്രസ്ഫോടനം തെറിപ്പിച്ചത് ലെബനീസ് സര്‍ക്കാറിനെയും

By Web TeamFirst Published Aug 11, 2020, 8:57 AM IST
Highlights

മൂന്നു മന്ത്രിമാർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അക്രമാസക്തരായ പ്രക്ഷോഭകർ കഴിഞ്ഞ ദിവസം സുപ്രധാന സർക്കാർ മന്ത്രാലയങ്ങൾ ഉപരോധിച്ചിരുന്നു. രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി രാജി പ്രഖ്യാപിച്ചത്. 

ബെയ്‌റൂത്ത്: ലെബനൻ സർക്കാർ രാജിവെച്ചു. പ്രധാനമന്ത്രി ഹസൻ ദിയബും മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിസമർപ്പിച്ചു. കഴിഞ്ഞയാഴ്ച ബെയ്‌റൂത്തിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തെ തുടർന്ന് ലെബനനിൽ വലിയ ജനകീയ പ്രക്ഷോഭം നടക്കുകയായിരുന്നു. 

മൂന്നു മന്ത്രിമാർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അക്രമാസക്തരായ പ്രക്ഷോഭകർ കഴിഞ്ഞ ദിവസം സുപ്രധാന സർക്കാർ മന്ത്രാലയങ്ങൾ ഉപരോധിച്ചിരുന്നു. രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി രാജി പ്രഖ്യാപിച്ചത്. 

പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും ലെബനനിൽ. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സൻ ദിയാബ് കൈമാറി.

കടുത്ത സാമ്പത്തിക തകർച്ച മൂലം ജീവിതം വഴിമുട്ടിയ ജനങ്ങൾ സമരം നടത്തി വരുന്നതിനിടെയായിരുന്നു സാമ്പത്തിക തലസ്ഥാനമായ ബെയ്‌റൂത്തിനെ ഉലച്ച ഉഗ്ര സ്ഫോടനം. 

ഓഗസ്റ്റ് നാലുനുണ്ടായ സ്ഫോടനത്തെത്തുടർന്ന് സർക്കാരിനെതിരെ അതിരൂക്ഷമായ സമരമാണ് ലെബനനിൽ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസിനെ സമരക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.

സർക്കാർതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് സ്ഫോടനത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. 163 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. ഏകദേശം 6000 പേർക്കു പരുക്കേറ്റു. തുറമുഖം പൂർണമായി തകർന്നു. ബെയ്റുട്ട് നഗരത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. 

click me!