'കോമ്രേഡ്‌സ് ഇൻ അമേരിക്ക' പറയുന്നു, ഐക്യ'ജനാധിപത്യ' മുന്നണിയോടുള്ള സഹകരണമാണ് ഞങ്ങളുടെ നയം

By Web TeamFirst Published Sep 24, 2019, 1:22 PM IST
Highlights

"2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ,  അമേരിക്കയിലെ കമ്യൂണിസ്റ്റുകാർ ചെയ്യേണ്ടുന്നത് ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുകയാണ്..."

" രാഷ്ട്രീയത്തിൽ ധാർമികതയ്ക്ക് സ്ഥാനമില്ല, അത് അടവുനയങ്ങളുടെ കളിയാണ്. ഒരു നയവഞ്ചകൻ പോലും അയാളുടെ വഞ്ചനയുടെ പേരിൽ നമുക്ക് ഉപകാരപ്പെട്ടേക്കും.." -  വ്ലാദിമിർ ലെനിൻ 

അമേരിക്കയിലെ കമ്യൂണിസ്റ്റുപാർട്ടിക്കെതിരെ ഒരു 'ഭയം' എന്നും പൊതുജനങ്ങൾക്കിടയിലുണ്ടായിരുന്നു. അമേരിക്കയുടെ പരമ്പരാഗതമായ മൂല്യങ്ങൾക്ക് താത്വികമായിത്തന്നെ എതിരുനിൽക്കുന്ന ഒന്നാണ് കമ്യൂണിസം എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ അകറ്റാനും അമേരിക്കൻ ജനതയുടെ വിശ്വാസമാർജ്ജിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് 2020 -ലെ പ്രസിഡന്റ്  തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ കമ്യൂണിസ്റ്റുപാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.  

ഷിക്കാഗോയിൽ നടന്ന സിപിയുസ്എയുടെ നൂറാം വാർഷിക സമ്മേളനത്തിലും ഉയർന്നുവന്ന പ്രധാന ആവശ്യവും ഇതുതന്നെയായിരുന്നു. പതിറ്റാണ്ടുകളായി അമേരിക്കൻ കമ്യൂണിസ്റ്റുപാർട്ടിക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന പച്ചക്കള്ളങ്ങൾ പൊളിച്ചെഴുതണം. " അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നിങ്ങളെ ഉപദ്രവിക്കാനല്ല ഇവിടെ പ്രവർത്തിക്കുന്നത്, അത് നിങ്ങളെ സ്വതന്ത്രരാക്കും.." പാർട്ടി ദേശീയ വൈസ് പ്രസിഡന്റായ ജാർവിസ് ടൈനർ പറഞ്ഞു. 

അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുപ്പത്തൊന്നാം ദേശീയ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ടൈനർ. അമേരിക്കയുടെ പോരാട്ടങ്ങളിൽ പലതും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് നേരെയായിരുന്നു. അത് കൊറിയയായാലും, വിയറ്റ്‌നാം ആയാലും, ഇനി സോവിയറ്റ് റഷ്യയ്ക്ക് എതിരെയുള്ള ശീതസമരങ്ങളായാലും ശരി. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള അമേരിക്കൻ ജനതയുടെ, വിശേഷിച്ചും യുവാക്കളുടെ സമീപനം മാറിത്തുടങ്ങിയിട്ടുണ്ടെന്നും സമ്മേളനം നിരീക്ഷിച്ചു. ജനങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്  ഇതിന് ഒരു കാരണമെന്നും നിരീക്ഷണങ്ങളുണ്ടായി.

അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ ചെയർമാൻ ജോൺ ബാച്ച്ടെൽ ഏതാനും വർഷങ്ങൾക്കുമുമ്പ്‌  'പീപ്പിൾസ് വേൾഡി'ൽ പ്രസിദ്ധപ്പെടുത്തിയ സുദീർഘമായ ഉപന്യാസത്തിൽ ഇങ്ങനെ എഴുതി " തൊഴിലാളികളുടെ താത്പര്യങ്ങളുയർത്തിപ്പിടിക്കുന്ന ഒരു മൂന്നാം മുന്നണിയാണ് അമേരിക്കയ്ക്കാവശ്യം. എന്നാൽ, അങ്ങനെയൊന്ന് സാധ്യമാകും വരെ, വിശേഷിച്ചും 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ,  അമേരിക്കയിലെ കമ്യൂണിസ്റ്റുകാർ ചെയ്യേണ്ടുന്നത് ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുകയാണ്..."

"അമേരിക്കയിലെ തൊഴിലാളിവർഗ്ഗത്തിന്റെ പിന്തുണ ഇന്ന് ഡെമോക്രാറ്റുകൾക്കുണ്ട്. ഡെമോക്രാറ്റുകളിൽ നിന്ന് ഈ വോട്ടുബാങ്കിനെ അടർത്തിയെടുക്കുക ദുഷ്കരമാവും. അതുകൊണ്ടുതന്നെ തല്ക്കാലം ഒരു അടവുനയം സ്വീകരിക്കുക എന്നതുമാത്രമാണ് പ്രവർത്തികമായിട്ടുള്ളത്."  ബാച്ച്ടെൽ പീപ്പിൾസ് വേൾഡ് വെബ്‌സൈറ്റിൽ കുറിച്ചു. 


" അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന കക്ഷികളായ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റുകളും, വാൾസ്ട്രീറ്റിന്റെ താല്പര്യങ്ങൾക്കൊത്തു നിൽക്കുന്നവരാണ്. എന്നാലും, അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗ്ഗം - ആഫ്രിക്കൻ അമേരിക്കൻസും, ലാറ്റിനോകളും, മറ്റുള്ള വംശജരും, തൊഴിൽ രംഗത്തുള്ള സ്ത്രീകളും, യൂണിയൻ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം തൊഴിലാളികൾ ഇന്ന് ഡെമോക്രാറ്റുകളുടെ കൂടെയാണ്. അപ്പോൾ പിന്നെ എന്താണ് ചെയ്യാവുന്നത്..? ഡെമോക്രാറ്റുകളുടെ കൂടെ നിൽക്കുക.." ബാച്ച്ടെൽ കുറിച്ചു. 

എന്നാൽ ഡെമോക്രാറ്റിക് പാർട്ടി കെട്ടിപ്പടുക്കുക എന്നതല്ല ഒരു അമേരിക്കൻ കമ്യൂണിസ്റ്റിന്റെ സ്വപ്നം എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. " ഇന്ന് ഡെമോക്രാറ്റിക് പാർട്ടി മുഖേന നയിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന്റെ മുന്നേറ്റങ്ങളുടെ അമരത്തു വരിക, അവയ്ക്ക് ഒരു കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യം പകരുക എന്നതാണ് അമേരിക്കൻ കമ്യൂണിസ്റ്റുപാർട്ടി ലക്ഷ്യമിടുന്നത്. അതിന് ഒരേയൊരു വഴി തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താനാവുന്ന ഡമോക്രാറ്റ് കക്ഷികളുടെ സഹായം തൽക്കാലത്തേക്കെങ്കിലും തേടുക എന്നത് മാത്രമാണ്.

" ഇത് ഒരു അവസരമാണ്. നമ്മുടെ നയങ്ങൾ വിജയം കാണുക തന്നെ ചെയ്യും, അത് സുനിശ്ചിതമാണ്. വിവാ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എ.. "സമ്മേളനത്തിനെത്തിയ ഒരു പ്രവർത്തകന്റെ വാക്കുകളിൽ ശുഭാപ്തി വിശ്വാസം സ്ഫുരിച്ചു.

click me!