കൊളംബിയയിൽ ചുവപ്പ് വസന്തം; ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച് ഇടതുപക്ഷം

Published : Jun 20, 2022, 03:31 PM IST
കൊളംബിയയിൽ ചുവപ്പ് വസന്തം; ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച് ഇടതുപക്ഷം

Synopsis

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ  പെട്രോ 50.48% വോട്ടുകൾ നേടിയപ്പോൾ വലതുപക്ഷ സ്ഥാനാർഥിയായ റോഡോൾഫോ ഹെർണാണ്ടസിന് 47.26% വോട്ടുകൾ ലഭിച്ചു.

ബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ മധ്യ-വലതുപക്ഷത്തെ തോൽപ്പിച്ച് ഇടതുപക്ഷം ഭരണം പിടിച്ചെടുത്തു. മുൻ വിമത നേതാവ് ഗുസ്താവോ പെട്രോ (62) നേരിയ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. കൊളംബിയയിൽ ആദ്യമായിട്ടാണ് ഇടതുപക്ഷം ഭരണത്തിലേറുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊളംബിയയിൽ ആദ്യമായി ഒരു കറുത്ത വർഗക്കാരി വൈസ് പ്രസിഡന്റായതിനും തെരഞ്ഞെടുപ്പ് സാക്ഷിയായി.  40 കാരിയായ ഫ്രാൻസിയ മാർക്വേസാണ് വൈസ് പ്രസിഡന്റ്.

ചിലി, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും 2021ൽ ഇടതുപക്ഷം അധികാരത്തിലേറിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ  പെട്രോ 50.48% വോട്ടുകൾ നേടിയപ്പോൾ വലതുപക്ഷ സ്ഥാനാർഥിയായ റോഡോൾഫോ ഹെർണാണ്ടസിന് 47.26% വോട്ടുകൾ ലഭിച്ചു. വർദ്ധിച്ചുവരുന്ന അസമത്വം, പണപ്പെരുപ്പം, അക്രമം തുടങ്ങിയ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾക്കിടെയാണ് കൊളംബിയക്കാർ വോട്ടുചെയ്യാനെത്തിയത്. ഏറെക്കാലം ഭരിച്ച  മധ്യപക്ഷ, വലതുപക്ഷ ചായ്‌വുള്ള പാർട്ടികളുടെ നയങ്ങൾ തെറ്റാണെന്ന് വോട്ടർമാർ വിലയിരത്തിയെന്ന് കൊളംബിയൻ മാധ്യമങ്ങൾ തെരഞ്ഞെടുപ്പിനെ വിലയിരുത്തി. ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് കൊളംബിയ‌. 

തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്തെ അരനൂറ്റാണ്ട് നീണ്ട സായുധ സംഘട്ടനത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നും പെട്രോവ പറഞ്ഞു.  എം-19 പ്രസ്ഥാനത്തിന്റെ വിമതനായിരുന്നു പെട്രോ. ഇവരുമായി സഹകരിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊളംബിയയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രതിപക്ഷത്തെ വസതിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പെട്രോ വിജയിച്ച ശേഷം  പറഞ്ഞു. പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും ബഹുമാനവും സംവാദവും മാത്രമേ ഉണ്ടാകൂവെന്നും  ആയുധം ഉയർത്തിയവരെയും  ഭൂരിപക്ഷം കർഷകരെയും കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍
സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു