കൊടുങ്കാറ്റും പേമാരിയും; മരണം 6000 കടന്നു, 10,000 പേരെ കാണാനില്ല, കണ്ണീര്‍ തോരാതെ ലിബിയ

Published : Sep 13, 2023, 05:39 PM IST
കൊടുങ്കാറ്റും പേമാരിയും; മരണം 6000 കടന്നു, 10,000 പേരെ കാണാനില്ല, കണ്ണീര്‍ തോരാതെ ലിബിയ

Synopsis

തീരദേശ നഗരമായ ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തിൽ 10000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്‍റ് റിപ്പോർട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെർന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകൾ തകർന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 

തീരദേശ നഗരമായ ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജർമ്മനി, റൊമാനിയ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കിയെന്ന് ഇയു ക്രൈസിസ് മാനേജ്‌മെന്റ് കമ്മീഷൻ ജാനസ് ലെനാർസിക് പറഞ്ഞു. 

"ഞാൻ ഡെർനയിൽ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങൾ എല്ലായിടത്തും കിടക്കുന്നു- കടലിൽ, താഴ്‌വരകളിൽ, കെട്ടിടങ്ങൾക്കടിയില്‍"- സിവിൽ ഏവിയേഷൻ മന്ത്രിയും എമർജൻസി കമ്മിറ്റി അംഗവുമായ ഹിചെം ച്‍കിയോട്ട് പറഞ്ഞു.

ഡെർനയില്‍ അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെർനയില്‍ മാത്രം 6000 പേരെ കാണാതായി. ലിബിയയിലെ ആഭ്യന്തര യുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അണക്കെട്ടുകളുടെ പതിവ് അറ്റകുറ്റപ്പണി നടന്നിരുന്നില്ലെന്ന് ഡെര്‍ന ഡപ്യൂട്ടി മേയര്‍ അഹമ്മദ് മദ്രൗഡ് പറഞ്ഞു. 

ഡെര്‍ന പ്രേതനഗരമായി മാറിയെന്ന് നഗരത്തിലെത്തിയ സഞ്ചാരി അബ്ദുല്‍ ജലീല്‍ പറഞ്ഞു. മൃതദേഹങ്ങൾ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്. 

PREV
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി