
ദുബൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ നയിക്കുമോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ. 'ജനങ്ങള്‍ പിന്തുണച്ചാല്‍ ഞങ്ങള്‍ പദവിയിലെത്തു'മെന്ന് മമത പുഞ്ചിരിയോടെ പറഞ്ഞു.
മമത ബാനർജിയും റെനില്‍ വിക്രമസിംഗെയും ദുബൈ വിമാനത്താവളത്തിലാണ് കണ്ടുമുട്ടിയത്. നവംബറിൽ നടക്കുന്ന ബംഗാള്‍ ബിസിനസ് ഉച്ചകോടിയിലേക്ക് മമത അദ്ദേഹത്തെ ക്ഷണിച്ചു. മമത ബാനര്‍ജി 12 ദിവസത്തെ ദുബൈ, സ്‌പെയിന്‍ പര്യടനത്തിലാണ്.
കൂടിക്കാഴ്ചയെ കുറിച്ച് മമത ബാനര്‍ജി സമൂഹ മാധ്യമമായ എക്സില്‍ പറഞ്ഞതിങ്ങനെ- "ശ്രീലങ്കൻ പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെയെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചിൽ കണ്ടു. ചില ചർച്ചകളിൽ പങ്കെടുക്കാൻ അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നടക്കുന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിലേക്ക് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം എന്നെ ശ്രീലങ്ക സന്ദര്‍ശിക്കാനും ക്ഷണിച്ചിട്ടുണ്ട്. സന്തോഷകരമായ ആശയവിനിമയമാണ് നടന്നത്."
അതിനിടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യാ സഖ്യം ചര്‍ച്ചകള്‍ തുടങ്ങും. ബുധനാഴ്ചയാണ് ആദ്യ യോഗം. പ്രതിപക്ഷത്തിന്റെ 14 അംഗ പാനല്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ ദില്ലിയിലെ വസതിയിലാണ് യോഗം ചേരുക. സെപ്തംബർ 13ന് വൈകിട്ടാണ് യോഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam