
ലോസ് ആഞ്ചൽസ്: അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നിയന്ത്രണാതീതമായ കാട്ടുതീയിൽ അകപ്പെട്ട് അഞ്ച് പേർ മരിച്ചു. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു. ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സെലിബ്രിറ്റികൾ താമസിക്കുന്ന ഹോളിവുഡ് ഹിൽസിനും ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഭീഷണിയുണ്ട്.
ലോസ് ആഞ്ചൽസിന്‍റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീപിടിത്തമാണിത്. തീ നിയന്ത്രണാതീതമായതോടെ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. ഒന്നര ലക്ഷത്തോളം പേരെയാണ് ഇതിനകം ഒഴിപ്പിച്ചത്. 1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. അതേസമയം തെക്കൻ കാലിഫോർണിയയിലുടനീളം താമസിക്കുന്ന 17 ദശലക്ഷം പേർ കനത്ത പുക കാരണം ദുരിതത്തിലാണ്. അഗ്നിബാധയെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെ പി എല്‍) കാട്ടുതീ ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ജെ പി എല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
ലോസ് ആഞ്ചൽസിലെ ദുരിത ബാധിത പ്രദേശങ്ങളിൽ സ്‌പേസ് എക്‌സ് സൗജന്യ സ്റ്റാർലിങ്ക് ടെർമിനലുകൾ നൽകുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് അറിയിച്ചു. വിനാശകരമായ കാട്ടുതീ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രസിഡന്റ് ജോ ബൈഡനെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. കാട്ടുതീ പ്രതിസന്ധിയെ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ബൈഡൻ ഭരണകൂടം ഒരുക്കിയില്ലെന്ന് ട്രംപ് വിമർശിച്ചു. അതിനിടെ ജോ ബൈഡൻ ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കുകയും ഫെഡറൽ ഡിസാസ്റ്റർ ഡിക്ലറേഷനിൽ ഒപ്പുവെക്കുകയും ചെയ്തു. അതിവേഗമുള്ള കാറ്റിനൊപ്പം ആളിപ്പടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
'കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാം, രണ്ടുണ്ട് കാര്യം': ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam