ബ്രസീൽ പ്രസിഡന്‍റായി ലുല ഡ സിൽവ അധികാരമേറ്റു

By Web TeamFirst Published Jan 2, 2023, 10:05 AM IST
Highlights


സത്യപതിജ്ഞയോട് അനുബന്ധിച്ച് പ്രൗഢഗംഭീരമായ പരിപാടികളാണ് തലസ്ഥാനമായ ബ്രസീലിയയിൽ ഒരുക്കിയത്. മൂന്ന് തവണ അധികാരത്തിലെത്തുന്ന ബ്രസീലിന്‍റെ ഏക പ്രസഡന്‍റ് കൂടിയാണ് സിൽവ. 

ബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്‍റായി ലുല ഡ സില്‍വ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയില്‍ എത്തിച്ചേര്‍ന്നത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് മൂന്നാമതും രാജ്യത്തിന്‍റെ പ്രസിഡന്‍റായി അധിരമേറ്റ ലുല ഡ സിൽവ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റായിരുന്ന ബൊൽസനാരോയുടെ വലതുപക്ഷ പാർട്ടിയെ തോൽപ്പിച്ചാണ് ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർട്ടി നേതാവ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുളള ഇടത്പക്ഷം അധികാരത്തിലെത്തിയത്. 

സത്യപതിജ്ഞയോട് അനുബന്ധിച്ച് പ്രൗഢഗംഭീരമായ പരിപാടികളാണ് തലസ്ഥാനമായ ബ്രസീലിയയിൽ ഒരുക്കിയത്. മൂന്ന് തവണ അധികാരത്തിലെത്തുന്ന ബ്രസീലിന്‍റെ ഏക പ്രസഡന്‍റ് കൂടിയാണ് സിൽവ. സാമ്പത്തികമായി തകർന്ന രാജ്യത്തെ പുനർനിർമിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ലുല തന്‍റെ പ്രസംഗം ആരംഭിച്ചത് തന്നെ. രാജ്യത്തെ അസംബോധന ചെയ്ത ആദ്യ പ്രസംഗത്തില്‍ പട്ടിണിയെക്കുറിച്ച് പറയവേ ലുലയുടെ കണ്ഠമിടറി. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിയ്ക്കുമായി പോരാടുമെന്ന് അധികാരമേറ്റ ശേഷം സിൽവ പറഞ്ഞു. 

35 ക്യാബിനറ്റ്‌ മന്ത്രിമാരിൽ 11 പേർ വനിതകളാണ്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. ആമസോൺ സംരക്ഷണം പ്രധാന അജൻഡയാണെന്ന പ്രഖ്യാപനംകൂടിയാണ്‌ മറീന സിൽവയുടെ നിയമനം. 2003 മുതൽ 2010 വരെ ലുല പ്രസിഡന്‍റായിരുന്നപ്പോള്‍ പരിസ്ഥിതി മന്ത്രിയായിരുന്നു മറീന സിൽവ. ബൊൽസനാരോയുടെ കാലത്താണ് ആമസോണ്‍ മഴക്കാടുകള്‍ ഏറ്റവും കൂടുതല്‍ വെട്ടിവെളുപ്പിക്കപ്പെട്ടത്. പരിസ്ഥിതി കൂടാതെ ആരോഗ്യം, സംസ്‌കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്‌ത്ര സാങ്കേതിക വികസനം തുടങ്ങിയ പ്രധാന വകുപ്പുകളിലും വനിതാമന്ത്രിമാരെയാണ് ലുല നിയമിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. മുൻഗാമിയായ ബൊൽസനാരോയുടെ കാലത്ത് ലുല ഡ സില്‍വ അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലുലയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എതിരാളിയായ ജെയിർ ബോൾസോനാരോ ബഹിഷ്ക്കരിച്ചു. പിൻഗാമിക്ക് പ്രസിഡൻഷ്യൽ അധികാരചിഹ്നം കൈമാറുന്ന പതിവ് മുടക്കിയ ബൊൽസനാരോ ഫ്ലോറിഡയിലേക്ക് യാത്ര തിരിച്ചു. 
 

click me!