
കൊച്ചി: പ്രവാസി മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ വിഷുവിന് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ നേതൃത്വത്തിൽ, പ്രത്യേക കാർഗോ വിമാനങ്ങളിൽ പഴം - പച്ചക്കറികളുടെ കയറ്റുമതി തുടങ്ങി.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷു ഒരുക്കുവാനുള്ള പഴം- പച്ചക്കറി ഉത്പ്പന്നങ്ങൾ എത്തിക്കുന്നത്. കൂടുതൽ കാർഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണിലധികം കാർഷികോത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 11: 45ന് കുവൈത്ത് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷികോത്പ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് മടങ്ങി.
വൈകിട്ട് 8ന് നാഷണൽ എയർവേയ്സിന്‍റെ പ്രത്യേക വിമാനത്തിൽ 100 ടൺ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളും കയറ്റിയച്ചു. എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പടെയുള്ള വിമാന സർവീസുകൾ വഴിയാണ് ഉത്പന്നങ്ങൾ എത്തിക്കുന്നത്. യുഎഇ ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സുഗമമായ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. സമൃദ്ധമായി വിഷു സദ്യയ്ക്കും വിഷുക്കണി വിഭവങ്ങൾ ഒരുക്കുവാനും ജി.സി.സിയിലെ ലുലു സ്റ്റോറുകളെ സജ്ജമാക്കുകയാണ് ലുലു.
വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും യാതൊരു ആശങ്ക വേണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയാണ് ലുലു. വിഷുവിന് ആവശ്യമായ വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങൾ, വിഷുക്കണി ഒരുക്കുവാൻ ആവശ്യമായ കണി വെള്ളരി, കണിക്കൊന്ന ഉൾപ്പടെ എല്ലാ കാർഷിക വിഭവങ്ങളും ലുലു സ്റ്റോറുകളിൽ സുലഭമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam