യൂസഫലിക്ക് അപൂര്‍വ നേട്ടം; തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നു

By Web TeamFirst Published Jun 3, 2019, 10:17 PM IST
Highlights

ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമാണെന്നും താന്‍ കൂടുതല്‍ അഭിമാനിതനും വിനയാന്വിതനും ആവുകയാണെന്നും എംഎ യൂസഫലിയു പ്രതികരിച്ചു. 

ദുബൈ: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പെർമനെന്‍റ് റെസിഡൻസി ഗോൾഡ് കാർഡ് ആദ്യം ലഭിച്ചത് മലയാളിയും ഇന്ത്യന്‍ വ്യവസായിയുമായ എംഎ യൂസഫലിക്ക്. മികച്ച സംരഭകര്‍ക്കും വിദഗ്ധര്‍ക്കും യുഎഇയില്‍ സ്ഥിര താമസത്തിന് അനുമതി നല്‍കുന്ന പദ്ധതിയാണ് ഗോള്‍ഡ് കാര്‍ഡ്.  ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമാണെന്നും താന്‍ കൂടുതല്‍ അഭിമാനിതനും വിനയാന്വിതനും ആവുകയാണെന്നും എംഎ യൂസഫലിയു പ്രതികരിച്ചു. ആദ്യമായി ഇവിടെ കാലുകുത്തിയ 1973 മുതൽ നാലര പതിറ്റാണ്ടിലധികം യുഎഇയിൽ ജീവിക്കുന്ന തനിക്ക് ഇപ്പോഴും യുഎഇ തന്നെയാണ് ഏറ്റവും ആശ്രയമായിമാറിയ അഭയ സ്ഥാനം. താൻ സ്വപ്‌നം കണ്ടതിലധികം നൽകി യുഎഇ തന്നെ സ്വീകരിക്കുകയായിരുന്നെന്നും യൂസഫലി പറഞ്ഞു.

സ്ഥിര താമസത്തിനായുള്ള ഗോൾഡ് കാർഡ് സമ്പ്രദായം സംബന്ധിച്ച് ആലോചന വന്നപ്പോൾ അതിൽ പ്രഥമ സ്ഥാനീയനായി തന്നെ പരിഗണിച്ചതിൽ താൻ അങ്ങേയറ്റം നന്ദിയുള്ളവനും വിനയാന്വിതനും ആകുന്നു. യുഎഇ ഭരണാധികാരികളുടെ  ഹൃദയ വിശാലതയും   മഹാമനസ്കതയും വിശാലമായ  സഹോദര സ്നേഹവും പ്രകടമാകുന്ന സമീപനമാണ് വിദേശികൾക്ക് ഗോൾഡ് കാർഡ് നൽകാനുള്ള തീരുമാനമെന്ന് അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും സഹിഷ്ണുതയുള്ളതും വികാസനോന്മുഖവുമായ രാജ്യമായി യുഎ ഇ വളർന്നത് ഭരണാധികാരികളുടെ ദീർഘ വീക്ഷണ പാടവം കൊണ്ടാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

ഈ പുതിയ ഗോൾഡ് കാർഡ് സ്ഥിര താമസ സൗകര്യം വഴി ഇവിടുത്തെ വൻകിട നിക്ഷേപകർ രാജ്യത്തിന്‍റെ ഇമേജ് കൂടുതൽ വർധിപ്പിക്കുന്ന രീതിയിൽ സഹകരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎ ഇ നിലനിൽക്കുമെന്നതിന്‍റെ അടയാളമാണ് ഈ സംവിധാനമെന്നും യൂസഫലി പറഞ്ഞു. തനിക്ക് കിട്ടിയ ഈ ആദരവും അവസരവും , യുഎഇയെ രണ്ടാം ഭവനം ആയി കാണുന്ന 200ൽ അധികം മറ്റ് രാജ്യക്കാർക്ക് ഒരു പുരസ്‌കാരം ആയി മാറുകയാണെന്ന് വിശ്വസിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

click me!