
ദുബായ്: മിഡിൽ ഈസ്റ്റിലെ വ്യവസായ മേഖലയിൽ മലയാളി കരുത്ത് വിളിച്ചോതി മിഡിൽ ഈസ്റ്റിൽ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓൺട്രപ്രണർ. 'ദി 100 NRIs'എന്ന പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാമത്. മിഡിൽ ഈസ്റ്റിലെ വാണിജ്യ വ്യവസായ മുന്നേറ്റത്തിന് നൽകിയ സംഭാവനകളിലൂടെയാണ് യൂസഫലി പട്ടികയുടെ തലപ്പത്തെത്തിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലും മലയാളികളാണെന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. സണ്ണി വർക്കി, ഡോ. അദ് നാൻ ചിൽവാൻ, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംഷീർ വയലിൽ എന്നവരാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ചവർ. നൂറു പേരുടെ പട്ടികയിൽ 22 മലയാളികൾ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമായി.
റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിലാണ് മലയാളിക്കരുത്ത്. വ്യവസായം, ടെക്നോളജി, ഇന്നോവേഷൻ, നിക്ഷേപ രംഗങ്ങളിലെ മികച്ച സംഭാവനകൾ കൂടി വിലയിരുത്തിയാണ് പട്ടിക. മിഡിൽ ഈസ്റ്റിലെ വാണിജ്യ വ്യവസായ മുന്നേറ്റത്തിന് നൽകിയ സംഭാവനകളിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ആദ്യ സ്ഥാനത്ത്. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. മലയാളികളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എം ഡി അദീബ് അഹമ്മദ് ആദ്യ പത്തു പേരുടെ പട്ടികയിൽ ഇടം പിടിച്ചു. മൊത്തം 22 മലയാളികളാണ് പട്ടികയിൽ ഇടംപിടിച്ചത്. ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി എൻ സി മേനോൻ, പബ്ലിക് റിലേഷൻ മേഖലയിലെ പ്രമുഖൻ സുനിൽ ജോൺ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, അൽ ഹംറ ഗ്രൂപ്പ് സി ഇ ഒ ബിനോയ് കുര്യൻ, ആർ പി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, ഹെയിൽബ്രോൺ പ്രോപ്പർട്ടീസ് സ്താപക ചെയർമാൻ ദിലീപ് കുമാർ, കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കൊള്ളാൻ, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചന്റ്, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, ഇക്വിറ്റി ഗ്രൂപ്പ് ഓഫ് കംപനീസ് ഗ്രൂപ്പ് സി ഇ ഒ ശോഭ മേനോൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആസ്റ്റർ ഡി എം ഹെൽത്ത്കെയർ എം ഡി അലിഷ മൂപ്പൻ, ദിനോ വർക്കി, ആഷിഷ് കോശി, രവി പി എൻ സി മേനോൻ, കെ പി ബഷീർ, സിദീഖ് അഹമ്മദ്, ശരത് നായർ എന്നീ മലയാളികളും പട്ടികയിൽ ഇടപിടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam