
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ ഇറാനെതിരെ ഒരു സമ്പൂർണ്ണ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളിൽ തന്നെ ഇറാനെതിരെ 'കൈനറ്റിക് ആക്ഷൻ' (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ല ഇതെന്നും, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനായിരിക്കും ഇതെന്നും സൂചനയുണ്ട്.
ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്. ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും മേഖലയിൽ സജ്ജമാണ്.
ഇറാൻ ഭരണകൂടത്തിന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന ഒരു സംയുക്ത സൈനിക നീക്കത്തിന് ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനകൾ യുദ്ധസജ്ജമായി നിൽക്കുമ്പോൾ, ഇറാൻ തങ്ങളുടെ 'വജ്രായുധമായ' ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസം ആരംഭിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നയതന്ത്രം അതിന്‍റെ സ്വാഭാവിക അന്ത്യത്തിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചാൽ ഏത് നിമിഷവും ഗൾഫ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam