
കീവ്: കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ട്വിറ്ററിൽ നിന്നും യുക്രൈൻ പ്രതിരോധ മന്ത്രാലയം പിൻവലിച്ചു. കഴിഞ്ഞ ദിവസം യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ടിറ്റർ അക്കൗണ്ടിലാണ് കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രം പിൻവലിച്ചത്. കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയ്ക്ക് സമാനമായാണ് കാളിദേവിയെ ചിത്രീകരിച്ചത്. 'വർക്ക് ഓഫ് ആർട്' എന്ന തലക്കെട്ടിൽ ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. യുക്രൈന്‍റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ് ‘ഡിഫൻസ് യു’.
ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ, സ്വീകരിച്ച് മുഖ്യമന്ത്രി
അതേസമയം ചിത്രം ട്വിറ്റിൽ നിന്ന് നീക്കിയ ശേഷം മാപ്പ് ചോദിച്ചും യുക്രൈൻ അധികൃതർ രംഗത്തെത്തി. തങ്ങളുടെ പ്രതിരോധ മന്ത്രാലയം അത്തരമൊരു ചിത്രം പങ്കുവച്ചതിൽ പശ്ചാത്തപിക്കുന്നുവെന്നും ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യയുടെ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നതായും വിദേശകാര്യ ഉപമന്ത്രി എമിനെ സപാറോവ പറഞ്ഞു. ഇന്ത്യയിൽ നിന്ന് സഹായം സ്വീകരിച്ച ശേഷം, ഇവിടെ ആരാധിക്കുന്ന ഒരു ദേവതയെ അപമാനിക്കുകയാണ് യുക്രൈൻ ചെയ്തതെന്ന് പറഞ്ഞ് യുക്രൈൻ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. എമിനെ സപാറോവ ഇന്ത്യ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് വന്നത്. 2022 ഫെബ്രുവരിയിൽ റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഉയർന്ന റാങ്കുള്ള യുക്രേനിയൻ ഉദ്യോഗസ്ഥയായിരുന്നു എമിനെ സപാറോവ. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയെ കണ്ട എമിനെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തും കൈമാറിയിരുന്നു. റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്.