ഫ്രാൻസിലെ ആരാധനാലയങ്ങൾക്ക് മേൽ പിടിമുറുക്കി മാക്രോൺ, ലക്‌ഷ്യം മുസ്ലിം പള്ളികളെന്ന് ആക്ഷേപം

By Web TeamFirst Published Jun 24, 2021, 12:31 PM IST
Highlights

ഫ്രഞ്ച് സമൂഹത്തിൽ ഇസ്ലാമിനുള്ള സ്വാധീനം അടുത്ത വർഷം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വരെ നിർണയിച്ചേക്കാവുന്ന ഒരു വിഷയമാണ്. 

ഫ്രഞ്ച് മതേതരത്വത്തിന്റെ അച്ചിലേക്ക് ഒതുങ്ങാൻ ഇസ്ലാമിക സംഘടനകളെ നിർബന്ധിതരാക്കാനുള്ള അന്തിമ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതിന്റെ ഭാഗമായി, നാട്ടിൽ മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന അദൃശ്യ രേഖ ഒന്നുകൂടി കടുപ്പിച്ച് വരക്കുകയാണ് അദ്ദേഹം. ഒരു പള്ളി താൽക്കാലികമായി അടച്ചുപൂട്ടി, അതിന്റെ ഫണ്ടുകൾ കാര്യമായി തടഞ്ഞ്, അതിന്റെ നടത്തിപ്പുകാർ തലസ്ഥാനങ്ങളിൽ നിന്ന് ഫ്രഞ്ച് ഭരണകൂടം പുറത്താക്കിയിട്ട്  ഏറെനാളായിട്ടില്ല. മറ്റൊരു മുസ്ലിം പള്ളിക്ക്, അവർക്കു കിട്ടുന്ന ഫണ്ടുകളുടെ ഉറവിടത്തെച്ചൊല്ലി അധികൃതരുടെ ഭാഗത്തുനിന്ന് നിരന്തരം ചോദ്യങ്ങളും അന്വേഷണങ്ങളും ഉണ്ടായപ്പോൾ, അവർ ദശലക്ഷക്കണക്കിനു ഫ്രാങ്ക് വരുന്ന ആ ഫണ്ടുകൾ തന്നെ വേണ്ട  എന്ന് വെച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും, അഗ്നിശമനസേനാ നിയന്ത്രണങ്ങളും ലംഘിച്ചു എന്നതിന്റെ പേരിൽ സ്റ്റോപ്പ് മെമോ കിട്ടിയ ഒരു ഡസൻ പള്ളികൾ ഫ്രാൻസിൽ വേറെയുമുണ്ട്.

ഫ്രാൻസിലുടനീളമുള്ള മുസ്ലിം പള്ളികളുടെയും മറ്റുള്ള ഇസ്ലാമിക സംഘടനകളുടെയും സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള കൂടുതൽ വിപുലമായ മുന്നേറ്റത്തിന്റെ മുന്നോടിയായാണ് സർക്കാർ ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത് എന്ന് വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിൽ ആക്ഷേപിക്കുന്നുണ്ട്. ആരാധനാലയങ്ങൾ എന്നെന്നേക്കുമായി അടയ്ക്കാനും, വേണ്ടിവന്നാൽ മതസംഘടനകളെ പിരിച്ചുവിടാനും സർക്കാരിന് അധികാരം നൽകുന്ന രീതിയിൽ Law Reinforcing Respect of the Principles of the Republic എന്നപേരിൽ ഒരു പുതിയ ബിൽ തന്നെ മാക്രോൺ പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. ആരാധനാലയങ്ങളിൽ ഏതിന്റെയെങ്കിലും മേൽനോട്ടക്കാർ ഏതെങ്കിലും  വിധത്തിൽ അക്രമത്തിനു പ്രകോപിപ്പിക്കുകയോ വിദ്വേഷം ജനിപ്പിക്കുകയോ ചെയ്യുന്ന എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ, കോടതിയുടെ ഉത്തരവ് കൂടാതെ തന്നെ ആ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും, അവരെ പിരിച്ചു വിടാനും ഉള്ള അധികാരമാണ് ഈ നിയമം ഗവണ്മെന്റിനു നൽകുക. 

കൂടാതെ, വിദ്വേഷമോ അക്രമമോ ഉളവാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഏതെങ്കിലും മതസംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവയെ താൽക്കാലികമായി നിരോധിക്കാനും ബിൽ അനുവദിക്കും. പ്രവർത്തനം തുടരാൻ മതസംഘടനകൾ ഓരോ അഞ്ച് വർഷത്തിലും സർക്കാർ പെർമിറ്റ് നേടേണ്ടതുണ്ട്. കൂടാതെ വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകൾക്ക്, അവരുടെ അക്കൗണ്ടുകൾ വർഷം തോറും ഓഡിറ്റ് ചെയ്തുള്ള സർട്ടിഫിക്കറ്റ് നേടുകയും വേണം. ബിൽ അടുത്തയാഴ്ച ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യും, അവിടെ മാക്രോണിന് വ്യക്തമായ ഭൂരിപക്ഷം ഉള്ള സ്ഥിതിക്ക് വർഷാവസാനത്തോടെ ബിൽ പാസാകുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളികളും സിനഗോഗുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങൾക്കും ഇത് ബാധകമാണ്, എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ പള്ളികളെയും ഇസ്ലാമിക സംഘടനകളെയും ലക്ഷ്യം വച്ചുള്ളതാണ് എന്നാണ് പൊതുവിൽ ഉയരുന്ന ആക്ഷേപം.

 

1905 ലെ നിയമത്തിലൂടെ വിഭാവനം ചെയ്യപ്പെട്ട മത-സംസ്ഥാന വിഭജനത്തെ ഗവൺമെന്റിന്റെ ഈ നീക്കം മറികടക്കുന്നുവെന്ന് മതനേതാക്കൾ പറയുന്നു. ഈ നിയമം മത സ്ഥാപനങ്ങൾക്കുള്ള സ്റ്റേറ്റ് എയ്ഡ് നിർത്തലാക്കിയിരുന്നു. അതുപോലെ  പുരോഹിതന്മാരെ സർക്കാർ തസ്തികകളിൽ നിന്ന് വിലക്കിയിരുന്നു. ഏറെ കർക്കശമായ ഫ്രഞ്ച് മതേതരത്വം എന്ന സങ്കല്പത്തിന്റെ ആണിക്കല്ല് ഈ നിയമാണ്. പൊതുജനജീവിതത്തിനു വിഘാതം സൃഷ്ടിക്കാത്ത രീതിയിൽ വ്യക്തികൾക്കും സംഘങ്ങൾക്കും മതം  പിന്തുടരാനുള്ള അവകാശവും ഈ നിയമം നൽകിയിരുന്നു അന്ന്. 

ബ്യുറോക്രസിക്ക് അമിതമായ അധികാരം നൽകുന്ന ഒന്നാണ് ഈ പുതിയ നിയമം എന്ന്  കർദ്ദിനാൾ പിയട്രോ പാറോലിൻ അഭിപ്രായപ്പെട്ടു. മക്രോണിന്റെ ഈ നീക്കത്തിൽ തകർക്കപ്പെട്ടിട്ടുള്ളത് കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ഫ്രാൻസിൽ നിലനിന്നിരുന്ന മത രാഷ്സ്ട്രീയ സന്തുലനമാണ് എന്ന് പാരീസ് ഗ്രാൻഡ് മോസ്‌ക് മുഫ്തി ഹഫീസും പ്രതികരിച്ചു. 

എന്നാൽ ഫ്രാൻസിനെ ഇസ്ലാമിക വിഭാഗീയതയിൽ നിന്ന് സംരക്ഷിക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്ന് മാക്രോണും പ്രതികരിച്ചു. രാജ്യത്തെ സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് അതീതമായി മതനിയമങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾക്കനുസരിച്ച് പുലരുന്ന ഒരു സമൂഹം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്ലാമിക വിഭാഗീയത പ്രവര്തിക്കുന്നത് എന്നും അത് രാജ്യത്തിന് വലിയ ആപത്താണുണ്ടാക്കുക എന്നും മാക്രോൺ ഓർമിപ്പിച്ചു. അത് പിന്തുടരുന്നവർ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അധ്യാപകരെയും, വിദ്യാർത്ഥികളെയും, മറ്റുള്ള അധികാരികളെയുമെല്ലാം ഭീഷണിപ്പെടുത്തി തങ്ങളുടെ താളത്തിനൊത്തു തുള്ളിക്കുന്ന ഒരവസ്ഥ രാജ്യത്ത് സംജാതമായിട്ടുണ്ട് എന്നും അത് വളരെ അപകടകരമാണ് എന്നും മാക്രോൺ പറഞ്ഞു. ഈ പ്രത്യയശാസ്ത്രം രാജ്യത്തെ വിഘടിപ്പിക്കുമെന്നും, അത് അനുവദിക്കാനാവില്ല എന്നും മാക്രോൺ പറഞ്ഞു.

ഫ്രാൻസിന്റെ റിപ്പബ്ലിക്കൻ തത്വങ്ങൾ സർവാത്മനാ പാലിച്ചുകൊള്ളാം എന്നൊരു ധാരണാപത്രം ഉണ്ടാക്കി അതിൽ രാജ്യത്തെ സകല മതസ്ഥാപനങ്ങളെയും ഒപ്പിടീക്കാനുള്ള സമ്മർദ്ദങ്ങൾ മാക്രോൺ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. പല മുസ്ലിം സ്ഥാപനങ്ങളും ഇങ്ങനെ ഒരു ചാർട്ടർ ഒപ്പിടാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ ചാർട്ടർ തങ്ങളുടെ മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നാക്ഷേപിച്ചായിരുന്നു ഈ നിഷേധ നിലപാടുകൾ ഉണ്ടായത്. 

ഇസ്ലാമിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വിഭാഗീയതയെ ചെറുക്കുക തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് എന്ന് സമ്മതിച്ച, ഇസ്ലാം മതവിശ്വാസികളുടെ ഫ്രഞ്ച് കൗൺസിൽ ആയ CFCM ന്റെ ചെയർമാൻ ആയ മുഹമ്മദ് മസ്സയൂവി പക്ഷേ, ഫ്രാൻസിൽ തീവ്രവാദം ഫ്രാൻസിലെ പള്ളികളല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മതത്തിന്റെ പേരിൽ യുവാക്കളെ വഴിതെറ്റിക്കുന്നവർ തമ്പടിച്ചിട്ടുള്ളത് ഡിജിറ്റൽ സ്‌പേസിൽ ആണ് എന്നും, പാരീസിലെ പള്ളികളിലല്ല എന്നും അദ്ദേഹം ആവർത്തിച്ചു.

 

കഴിഞ്ഞ വർഷം ഒക്ടോബറിൽ, പ്രവാചകനെ നിന്ദിക്കുന്ന കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചു എന്നതിന്റെ പേരിൽ സാമുവൽ പാറ്റി എന്ന അധ്യാപകന്റെ ശിരച്ഛേദം നടത്തിയ നടപടിക്ക് തുടകമാവുന്നത് ഒരു ഫ്രഞ്ച് പള്ളിയുടെ ഫേസ്‌ബുക്ക് പേജിൽ അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ്. ഈ സംഭവവും പള്ളികൾക്കുമേൽ നിയന്ത്രണം വരാനുള്ള ഒരു കാരണമാണ്. 2015 -ൽ ഷാർലി ഹെബ്ദോ അടക്കമുള്ള പലയിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടായതിന്റെ വെളിച്ചത്തിൽ അന്നും പല പള്ളികളും ഫ്രഞ്ച് അധികാരികൾ അടപ്പിച്ചിട്ടുണ്ടായിരുന്നു. 

ഫ്രഞ്ച് സമൂഹത്തിൽ ഇസ്ലാമിനുള്ള സ്വാധീനം അടുത്ത വർഷം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വരെ നിർണയിച്ചേക്കാവുന്ന ഒരു വിഷയമാണ്. മാക്രോൺ ഇസ്ലാമിസ്റ്റുകളോട് മൃദുസമീപനം പുലർത്തി അവരെ പ്രീണിപ്പിക്കുകയാണ് എന്ന പ്രതിപക്ഷ നേതാവ് ലെ പെന്നിന്റെ ആക്ഷേപങ്ങളോടുള്ള ഒരു പ്രതികരണം കൂടിയാവും ഒരു പക്ഷേ മക്രോണിന്റെ ഈ കടുത്ത നടപടികൾ എന്നും പലരും വിലയിരുത്തുന്നുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!