
പാരിസ്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിർണ്ണായക ചർച്ച നടത്തി. ഇസ്ലാമാബാദിൽ ആരംഭിച്ച ഉന്നതതല ചർച്ചകൾ മേഖലയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ പ്രയോജനപ്പെടുത്തണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ കരാറിലെത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് അദ്ദേഹം ഇറാനോട് നിർദ്ദേശിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇതിനായി സഹകരിക്കാൻ ഫ്രാൻസ് തയ്യാറാണെന്നും അദ്ദേഹം ഫോണിലൂടെ നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. ലെബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെടിനിർത്തൽ പൂർണ്ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം മാക്രോൺ ഊന്നിപ്പറഞ്ഞു. ലെബനന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും അവിടുത്തെ ഔദ്യോഗിക അധികാരികൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലെബനൻ സർക്കാരിന്റെ നീക്കങ്ങൾക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിനൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളുമായും ഫ്രാൻസ് നിരന്തരം ആശയ വിനിമയം നടത്തുന്നതായും അറിയിച്ചു. സൗദിയുമായി ഫ്രഞ്ച് പ്രസിഡന്റ് സംസാരിച്ചു. ഇസ്ലാമാബാദിലെ അമേരിക്ക - ഇറാൻ ചർച്ചകൾക്കിടെ മാക്രോൺ നടത്തിയ ഈ ഇടപെടൽ ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തൽ. ഇസ്ലാമാബാദിലെ ചർച്ചകളിൽ സസൂക്ഷ്മമം വീക്ഷിക്കുന്നു എന്നും ഫ്രാൻസ് അറിയിച്ചു.
അതേസമയം ഇറാനുമായി സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന നിർണ്ണായക സൈനിക നീക്കം തുടങ്ങി. കടലിടുക്കിലെ സുരക്ഷിത പാത തടസ്സപ്പെടുത്തുന്ന സമുദ്ര മൈനുകൾ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈൻ നീക്കം ചെയ്യൽ നടക്കുന്നത്. സമാധാന ചർച്ചകൾ നടക്കുമ്പോഴും ഹോർമുസ് തുറക്കാൻ സൈനിക ബലം ഉപയോഗിക്കുന്ന അമേരിക്കൻ നീക്കം സംഘർഷാവസ്ഥ വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇതിനെ ഇറാൻ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ലോകം. അതേസമയം 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദിൽ തുടക്കമായിട്ടുണ്ട്. ലോകത്തിന് വലിയ പ്രതീക്ഷയേകുന്നതാണ് ഈ ചർച്ച. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് അമേരിക്ക - ഇറാൻ നേരിട്ടുള്ള വെടിനിർത്തൽ ചർച്ചക്ക് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചർച്ചകളിൽ ഫലം കണ്ടാൽ സാങ്കേതിക കരാറിന് അന്തിമ രൂപം നൽകും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖലകളിലെ വിദഗ്ദർ ആണ് നിലവിലെ ചർച്ചയിൽ നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam