
2024ൽ വിവിധ മേഖലകളിലായി ലോകത്തെ സ്വാധീനിച്ച അവാർഡ് ജേതാക്കൾ ഇവരൊക്കെയാണ്.
ഗ്രാൻ പി - കാൻ ചലചിത്ര മേള
കാൻ ചലചിത്രമേളയിൽ ഇന്ത്യ ചിത്രം തിളങ്ങിയ വർഷമാണ് 2024. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ഹിന്ദി മലയാളം ചിത്രം ആദ്യമായി ഗ്രാൻ പി പുരസ്കാരം നേടുന്ന ഇന്ത്യൻ സിനിമയായി. രാജ്യാന്തര തലത്തിലെ പ്രഗത്ഭ ഛായാഗ്രഹർക്കുള്ള പിയർ ആഞ്ജിനോ പുരസ്കാരത്തിന് സന്തോഷ് ശിവൻ അർഹനായി. സമാന്തര മത്സര വിഭാഗത്തിൽ അനസൂയ സെൻഗുപ്ത മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമി
സംഗീത ലോകത്തെ ജനപ്രിയ പുരസ്കാരമായ ഗ്രാമി വേദിയിൽ ഇക്കുറി തിളങ്ങിയത് പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റായിരുന്നു. ടെയ്ലർ സ്വിഫ്റ്റിന്റെ മിഡ്നൈറ്റ്സ് ആണ് എന്ന ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയത്. എന്നാൽ മികച്ച സോളോ പോപ്പിനുള്ള അവാർഡ് ടെയ്ലർ സ്വിഫ്റ്റിനേയും പിന്നിലാക്കി മിലി സൈറസ് നേടി. ഫ്ലവേഴ്സ് എന്ന സിംഗിളിനാണ് നേട്ടം.
ഇന്ത്യൻ സാന്നിധ്യവും ഗ്രാമിയിൽ തിളങ്ങിയ വർഷമായിരുന്നു 2024. ദിസ് മൊമന്റ് എന്ന ആൽബത്തിന് ഇന്ത്യൻ ഫ്യൂഷൻ ബാൻഡായ ശക്തിക്ക് ഗ്രാമി നേടാനായി. തബലിസ്റ്റ് ഉസ്താദ് സക്കീഡ ഹുസൈൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെൽവഗണേഷ്. വയലിനിസ്റ്റ് ഗണേജ് രാജഗോപാലൻ എന്നിവരാണ് ദിസ് മൊമെന്റിന് പിന്നിൽ പ്രവർത്തിച്ചത്.
ഓസ്കാർ
ക്രിസ്റ്റഫര്‍ നോളനൊപ്പം നിൽക്കുന്ന ഓസ്കാർ വേദിയായിരുന്നു 2024. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഏഴ് അവാര്‍ഡുകളാണ് ഇക്കുറി ഓസ്കാറിൽ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടിയെടുത്തു. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ചുവന്ന റിബൺ ധരിച്ച് താരങ്ങൾ ഓസ്കാർ ചടങ്ങിനെത്തിയിരുന്നു.
ബാലൺ ഡി ഓർ
സൂപ്പർ താരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോയേയും ഇടം നേടാത്ത സാധ്യതാ പട്ടികയോടെ തന്നെ ബാലൺ ഡി ഓർ ചർച്ചയായിരുന്നു. പട്ടികയിൽ ഇടം നേടിയ വിനീഷ്യസ് ജൂനിയറിനെ പിന്തള്ളി സ്പെയിന്റെ മിഡ് ഫീൽഡർ റോഡ്രി പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിൽ സ്പെയിൻ മിഡ്ഫീൽഡർ അയ്‌താന ബൊൻമാറ്റി വനിതാ വിഭാഗത്തിലും ബാലൺ ഡി ഓറിന് അർഹരായി.
മാഗ്സസെ
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സസെ അവാർഡ് നാല് പേരും ഒരു സംഘടനയുമാണ് അർഹരായത്. പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കായാണ് മാഗ്സസെ പുരസ്കാരം നൽകുന്നത്.
ജപ്പാൻ സ്വദേശിയായ മിയാസാക്കി ഹയാവോ, ഭൂട്ടാൻ സ്വദേശിയായ കർമ്മ ഫുന്ത്ഷോ, ഇന്തോനേഷ്യ സ്വദേശിയായ ഫർവിസ ഫർഹാൻ, വിയറ്റ്നാം സ്വദേശിയായ എൻഗുയെൻ തി എൻഗോക് ഫൂങ് എന്നിവർക്കും തായ്ലാൻഡിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ റൂറൽ ഡോക്ടേഴ്സ് മൂവ്മെന്റുമാണ് 2024ലെ മാഗ്സസെ പുരസ്കാരം നേടിയത്.
ബുക്കർ
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയാണ് ഇക്കുറി ബുക്കർ പുരസ്കാരത്തിന് അർഹയായത്. സാമന്തയുടെ ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 49-കാരിയായ സാമന്ത ഹാർവിയുടെ അഞ്ചാമത്തെ നോവലാണിത്.
ഭാരത രത്ന
മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവുവിനും ചരൺസിംഗിനും ഹരിതവിപ്ലവത്തിന് തുടക്കമിട്ട എംഎസ് സ്വാമിനാഥനും മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽകെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവരാണ് 2024ൽ ഭാരതരത്ന പുരസ്കാരത്തിന് അർഹരായത്.
നോബൽ
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ
ഹാൻ കാങ് ആണ്. മനുഷ്യ ജീവിതത്തിലെ ദുർബലതകൾ വെളിപ്പെടുത്തുന്ന എഴുത്തിനാണ് ഹാൻ കാങിനെ തേടി അംഗീകാരം മതിയത്.
സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ഹിരോഷിമയിലേയും നാഗസാക്കിയിലേയും അറ്റോമിക ബോംബ് സ്ഫോടനത്തിലെ അതിജീവിതർക്കാണ്. നിഹോൻ ഹിൻഡാൻക്യോ എന്നാണ് ഇവർ അറിയപ്പെടുന്നത്. ആണവ ആയുധ വിമുക്തമായ ലോകത്തിന് വേണ്ടിയുള്ള ഇവരുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഇത്തരം ആയുധങ്ങൾ ഒരിക്കൽ പോലും പ്രയോഗിക്കപ്പെടാതിരിക്കേണ്ടതിന്റെ നേർ സാക്ഷ്യപ്പെടുത്തലാണ് ഇവരുടെ ജീവിതം.
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ ഹോപ്ഫീല്‍ഡിനും ബ്രിട്ടീഷ്– കനേഡിയന്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്‍റണിനും ലഭിച്ചു. കൃത്രിമ നാഡീ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗിന്‍റെ അടിത്തറയിടുന്ന കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം.
പ്രോട്ടീൻ ഘടനയിലും രൂപകല്പനയിലും നൽകിയ സംഭാവനകൾക്ക് രസതന്ത്രത്തിലെ നോബൽ സമ്മാനം പങ്കിട്ടത് മൂന്നുപേരാണ്. ഡേവിഡ് ബേക്കർ. ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ എന്നിവരാണ് രസതന്ത്രത്തിനായുള്ള നോബൽ പങ്കിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിജയകരമായി ഉപയോഗിച്ച് അറിയപ്പെടുന്ന മിക്കവാറും എല്ലാ പ്രോട്ടീനുകളുടെയും ഘടന പ്രവചിക്കാൻ ഡെമിസ് ഹസാബിസും ജോൺ ജമ്പറിനും സാധിച്ചിരുന്നു. കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനിലുള്ള ഗവേഷണത്തിനാണ് ഡേവിഡ് ബേക്കർ പുരസ്കാരത്തിന് അർഹനായത്.
വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം പങ്കിട്ടത് വിക്റ്റർ ആംബ്രോസ്, ഗാരി റുവ്കുൻ എന്നിവരാണ്. മൈക്രോ ആർഎൻഎ കണ്ടുപിടിച്ചതിന് ഇവർ പുരസ്കാരത്തിന് അർഹരായത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം