
ദില്ലി: അഫ്ഗാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങാൻ മുസ്ലീം നേതാക്കളോട് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ആഹ്വാനം ചെയ്തു. ഞായറാഴ്ച ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മലാല ഇക്കാര്യം പറഞ്ഞത്.
താലിബാൻ സ്ത്രീകളെ മനുഷ്യരായി കാണുന്നില്ലെന്ന് അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങളെ താലിബാൻ അടിച്ചമർത്തുന്നതിനെ അപലപിച്ചുകൊണ്ട് യൂസഫ്സായി പറഞ്ഞു. അവർ തങ്ങളുടെ കുറ്റകൃത്യങ്ങളെ സാംസ്കാരികവും മതപരവുമായ ന്യായീകരണം കൊണ്ട് മറയ്ക്കുകയാണെന്നും മലാല കുറ്റപ്പെടുത്തി. അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടും അഫ്ഗാൻ താലിബാൻ പ്രതിനിധികൾ പങ്കെടുത്തില്ല. കാബൂളിൽ നിന്നുള്ള പ്രതിനിധി സംഘത്തിൻ്റെ അസാന്നിധ്യം പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂൽ സിദ്ദിഖി സ്ഥിരീകരിച്ചു.
മുസ്ലീം വേൾഡ് ലീഗിൻ്റെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. ലോകത്തുടനീളമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അഭിസംബോധന ചെയ്യാൻ പാകിസ്ഥാൻ നടത്തിയ സുപ്രധാന ശ്രമമായി സമ്മേളനത്തെ വിലയിരുത്തി. സ്കോളർഷിപ്പുകൾ, ഓൺലൈൻ പ്രോഗ്രാമുകൾ, മറ്റ് വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിലൂടെ അഫ്ഗാൻ പെൺകുട്ടികളെ പിന്തുണയ്ക്കാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നവരോട് അഫ്ഗാനിസ്ഥാനിലെ യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ (UNAMA) മേധാവി റോസ ഒതുൻബയേവ അഭ്യർത്ഥിച്ചു.
2021-ൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതുമുതൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും പെൺകുട്ടികളെ വിലക്കി. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്‌സായി പറഞ്ഞു. താലിബാനെതിരെ മുസ്ലീം രാജ്യങ്ങളിൽ നിന്ന് നിർണായക നടപടികളില്ലാത്തതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam