Published : Oct 25, 2023, 08:07 AM ISTUpdated : Oct 26, 2023, 08:10 AM IST

Malayalam News Highlights: ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; ആശുപത്രികളുടെ പ്രവർത്തനം നിലച്ചു

Summary

ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ
ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.

Malayalam News Highlights: ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; ആശുപത്രികളുടെ പ്രവർത്തനം നിലച്ചു

02:39 PM (IST) Oct 25

നടന്‍ വിനായകന്‍റെ അറസ്റ്റ്; 'സ്വാധീനത്തിന് വഴങ്ങില്ല, വീഡിയോ പരിശോധിച്ച് കൂടുതല്‍ വകുപ്പ് ചുമത്തും'; പൊലീസ്

പൊലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കുകയും പൊലീസുകാരെ ചീത്തവിളിക്കുകയും ചെയ്ത  നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു

02:38 PM (IST) Oct 25

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും  കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. നേരത്തെ ജില്ല സെഷന്‍സ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആറു പ്രതികളും ജാമ്യ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെ സുരേന്ദ്രനും മറ്റു പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി. തുടര്‍ന്ന് ജാമ്യ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രൊസിക്യൂഷന്‍ എതിര്‍ത്തില്ല. തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു

02:38 PM (IST) Oct 25

ഇന്നും ശക്തമായ മഴക്ക് സാധ്യത, ഏറ്റവും പുതിയ മുന്നറിയിപ്പ് അറിയാം, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഴ മുന്നറിയിപ്പില്‍ മാറ്റംവരുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്

02:37 PM (IST) Oct 25

'വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കില്ല, ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ല'; ഇസ്രയേല്‍

ഗാസ ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കില്ലെന്നും ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ലെന്നും ഇസ്രയേല്‍. എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേലിന്‍റെ ഇന്ത്യയിലെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹാദസ് ബക്സ്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബന്ധികളെ മോചിപ്പിക്കുന്നത് വരെ ചർച്ച പോലും സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.

11:28 AM (IST) Oct 25

മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടുത്തം

മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിച്ചു. മണ്ണാർക്കാട് ചന്തപ്പടിയിലെ മുല്ലാസ് ഹോം അപ്ലൈൻസ്സിലാണ് തീപിടിച്ചത്.  രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. രാവിലെ 7. 30 തോടെയാണ് മുല്ലാസ് ഹോം അപ്ലൈൻസ് സമീപത്ത് ചുമടിറക്കുകയായിരുന്ന തൊഴിലാളികൾ കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. 

11:21 AM (IST) Oct 25

'കോട്ടയത്ത് കോൺഗ്രസ് മതി, ജോസഫ് ഗ്രൂപ്പിന് നൽകരുത്'

കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. വിജയസാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്ന നിര്‍ദേശം ജില്ലയില്‍ നിന്നുളള പ്രധാന നേതാക്കള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് പങ്കുവച്ചതായാണ് വിവരം. പാര്‍ലമെന്‍റ് ജയത്തിന് പ്രാപ്തനായ സ്ഥാനാര്‍ഥി ജോസഫ് ഗ്രൂപ്പിലില്ലെന്ന വികാരമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പങ്കുവയ്ക്കുന്നത്.

08:11 AM (IST) Oct 25

വേലന്‍ പാട്ട് ഗായകന്‍ ജി വിജയന്‍ അന്തരിച്ചു

 കേരളത്തിന്റെ തനതായ അനുഷ്ടാന കലാരൂപമായ വേലൻ പാട്ടിന്റെ ചെന്നിത്തല തെക്ക് പ്രദേശത്തെ അവസാന കണ്ണിയും അറ്റു. ചെന്നിത്തല തെക്ക് തിരുമുൽപ്പാട്ട് പടീറ്റതിൽ ജി വിജയനാണ് 64ാം വയസില്‍ അന്തരിച്ചത്. ശബരിമലയിൽ അയ്യപ്പ പ്രീതിക്കായി നടത്തുന്ന ഒരു പ്രധാന വഴിപാടായ വേലൻ പാട്ടിന് ശബരിമലയിൽ കാലങ്ങളായി നിയോഗം ലഭിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു വിജയൻ.

08:11 AM (IST) Oct 25

ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: 'വനിത പൊലീസിനെ' അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!

ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയത് ചൊവ്വാഴ്ച വൈകീട്ടോടെയാണ്. ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് വില്ലനായി വീണ്ടും തമിഴില്‍ വിനായകന്‍ എത്തുന്നു എന്നതായിരുന്നു. ഇതുവരെ ചിത്രത്തിന്‍റെ കാസ്റ്റിംഗില്‍ പേര് ഇല്ലാതിരുന്ന വിനായകന്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടതോടെ വാര്‍ത്തയായി. ജയിലറിലെ വര്‍മ്മന്‍ എന്ന വില്ലന് ശേഷം വിക്രത്തിന്‍റെ വില്ലനായി വിനായകന്‍ വീണ്ടും തമിഴില്‍ എന്ന വാര്‍ത്ത അതിവേഗം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതിന് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയും എത്തുന്നത്. 

08:10 AM (IST) Oct 25

'ലഗേജിൽ ബോംബുണ്ട്, തൊടരുത്'; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവിന്‍റെ ഭീഷണി, ആശങ്ക, ഒടുവിൽ അറസ്റ്റ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. ലഗേജ് പരിശോധനയ്ക്കിടെയാണ് യുവാവ് ബാഗിൽ ബോംബുണ്ടെന്ന ഭീഷണി മുഴക്കിയത്.

 

08:10 AM (IST) Oct 25

ഇന്നും ശക്തമായ മഴ, ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യത, ഹമൂർ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്; മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ് സാധ്യത. ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

08:09 AM (IST) Oct 25

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. 

08:09 AM (IST) Oct 25

സിറിയയില്‍ ഇസ്രയേലിന്‍റെ വ്യോമാക്രമണം; റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രയേല്‍ സൈന്യം

സിറിയയിൽ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയിൽ നിന്ന്  റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്‍റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച 10 പേരെ വധിച്ചു.

08:08 AM (IST) Oct 25

കരുവന്നൂര്‍ കള്ളപ്പണക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

കരുവന്നൂര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്‍റ് സി.കെ.ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിചാരണക്കോടതി വിധി പറയുക. 

08:08 AM (IST) Oct 25

ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെടില്ല; ഹമാസിനെതിരെയുള്ള പിന്തുണ തുടരും, സാധാരണക്കാരെ ബാധിക്കരുതെന്ന് നിലപാട്

പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം, ഇസ്രയേലിന്റെ
ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ​ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും മുന്നോട്ട് വെക്കുന്ന ആവശ്യം. 

08:07 AM (IST) Oct 25

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാവും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശം നൽകിയത്. 


More Trending News