ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.

07:50 AM (IST) Oct 03
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയിൽ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. രാവിലെ പത്തുമണിക്കാണ് പരിപാടി. അവിടെ മനാഫ് പ്രതികരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
07:50 AM (IST) Oct 03
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥർ പരിശോധിച്ചു. സൂചനകൾ വിലയിരുത്തി കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിമാരെയും ചലച്ചിത്ര പ്രവർത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ മൊഴി നൽകിയവരിൽ കൂടുതൽ പേരും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന. നിലവിൽ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മേക്കപ്പ് മാനേജർക്ക് എതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്.
07:49 AM (IST) Oct 03
സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയങ്ങൾ ഒന്നൊന്നായി കത്തിപ്പടരുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മേളനം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പിവി അൻവറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലാകും സഭയിലെ മുഖ്യ ആകർഷണം. പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും. അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്.
07:49 AM (IST) Oct 03
പിആർ വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. പിവി അൻവറിന്‍റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ പോലും മുഖ്യമന്ത്രിയുടെ അഭിമുഖവും അതിന് പിന്നിലെ പിആർ ഏജൻസിയുടെ പങ്കും തിരിച്ചടിയായെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. പി ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയത് എന്ന് ദ ഹിന്ദുവിന്റെ വിശദീകരണത്തോട് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
07:49 AM (IST) Oct 03
എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് നൽകും. അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്.
07:48 AM (IST) Oct 03
തൃശ്ശൂർ പൂരം കലക്കലിലെ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാകും തീരുമാനം. അന്വേഷണമുണ്ടാകുമെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എഡിജിപിയുടെ പങ്കിനെ കുറിച്ച് ഡിജിപി അന്വേഷണം നടത്തും. പൂരം അട്ടിമറിയിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും. പുതിയ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും എഡിജിപി സ്ഥാനത്ത് എംആർ അജിത്കുമാർ തുടരുമോ എന്നതാണ് പ്രധാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് അജിത്കുമാറിനെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ.