
കൊലാലമ്പൂർ: മലേഷ്യയില്‍ രാജാവിന്‍റെ സിംഹാസനത്തില്‍ ഇരിക്കാന്‍ ഒരുങ്ങുകയാണ് 65കാരനായ ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ. 300 കാറുകളും വിമാനങ്ങളും സ്വന്തമായി സ്വകാര്യ സേനയുമെല്ലാമുണ്ട് ജോഹർ സുൽത്താന്. 5.7 ബില്യൺ ഡോളറിന്‍റെ സമ്പത്തുള്ള സുല്‍ത്താന് രാജ്യത്തിന്‍റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം തന്നെ സ്വന്തമായുണ്ട്.
റിയൽ എസ്റ്റേറ്റ്, ഖനനം, ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ തുടങ്ങി നിരവധി സംരംഭങ്ങളുണ്ട് സുല്‍ത്താന്. ഔദ്യോഗിക വസതിയായ ഇസ്താന ബുക്കിറ്റ് സെറീൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അളവറ്റ സമ്പത്തിന്‍റെ തെളിവാണ്. അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ചതായി കരുതപ്പെടുന്നത് ഉള്‍പ്പെടെ 300ലധികം ആഡംബര കാറുകള്‍ അവിടെയുണ്ട്. സ്വര്‍ണ, നീല നിറങ്ങളിലുള്ള ബോയിംഗ് 737 ഉൾപ്പെടെയുള്ള സ്വകാര്യ ജെറ്റുകളുണ്ട്. മലേഷ്യയിലെ പ്രമുഖ സെൽ സേവന ദാതാക്കളിൽ ഒന്നായ യു മൊബൈലിന്‍റെ 24 ശതമാനം ഓഹരി അദ്ദേഹത്തിന്‍റെ കൈവശമുണ്ട്. സ്വകാര്യ, പൊതു കമ്പനികളിൽ 588 മില്യൺ ഡോളറിന്‍റെ അധിക നിക്ഷേപവും അദ്ദേഹത്തിനുണ്ട്.
സിംഗപ്പൂരിൽ ബൊട്ടാണിക് ഗാർഡനോട് ചേർന്നുള്ള വിശാലമായ ടൈർസാൽ പാർക്ക് ഉൾപ്പെടെ 4 ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമി സുല്‍ത്താന്‍ സ്വന്തമാക്കി. ഷെയർ, റിയൽ എസ്റ്റേറ്റ് ഇടപാടുകളുമുണ്ട്. ബ്ലൂംബെർഗിന്‍റെ കണക്ക് പ്രകാരം 5.7 ബില്യൺ ഡോളറാണ് സുല്‍ത്താന്‍റെ സമ്പത്ത്. എന്നാല്‍ ഇതിലും എത്രയോ കൂടുതലാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ സമ്പത്തെന്ന് കരുതപ്പെടുന്നു.
സംയുക്ത സംരംഭങ്ങളിലൂടെ ഇതിനകം നിരവധി തൊഴിലവസരങ്ങള്‍ മലേഷ്യക്കാര്‍ക്കായി സൃഷ്ടിക്കാന്‍ സുല്‍ത്താന് കഴിഞ്ഞു. സിംഗപ്പൂര്‍ ഭരണ നേതൃത്വവുമായുള്ള സുൽത്താന്‍റെ അടുത്ത ബന്ധവും പ്രമുഖ ചൈനീസ് ഡെവലപ്പർമാരുമായുള്ള വ്യാപാര ബന്ധങ്ങളും മലേഷ്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ബന്ധങ്ങള്‍ മലേഷ്യയുടെ അഭ്യന്തര, വിദേശ നയങ്ങളെ സ്വാധീനിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam