
ദില്ലി: മാലദ്വീപിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. മാലദ്വീപിന് പുറമെ, ഇന്ത്യക്കും ചൈനക്കും നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം. നിലവിലെ പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ വിദേശ നയം ജനം സ്വീകരിക്കുമോ എന്നത് നിർണായകമാണ്. മുയിസു അധികാരത്തിലേറിയ ശേഷം വിദേശ നയത്തിൽ മാറ്റം വരുത്തിയിരുന്നു. ഇന്ത്യയോടുള്ള മൃദുസമീപനം ഉപേക്ഷിക്കുകയും ചൈനയോട് കൂടുതൽ അടുക്കുകയുമായിരുന്നു മുയിസുവിന്റെ നയം. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പുറത്താക്കാനുള്ള നിർണായക തീരുമാനം വരെ അദ്ദേഹം കൈക്കൊണ്ടു. പ്രധാന പ്രതിപക്ഷവും ഇന്ത്യാ അനുകൂല പാർട്ടിയുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യൻ സർക്കാർ പ്രതീക്ഷിക്കുന്നു. ഭരണപക്ഷമായ പീപ്പിൾസ് നാഷണൽ കോൺഗ്രസും പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രോറ്റിക് പാർട്ടിയുമാണ് പ്രധാന മത്സരം.
വോട്ടെടുപ്പിൽ വിജയിക്കുമെന്ന് എംഡിപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല ഷാഹിദ് പ്രതീക്ഷ പ്രകടിപ്പിച്ചു. നുണകളും വിദ്വേഷവും വളർത്തിയെടുത്താണ് മുയിസു അധികാരത്തിൽ വന്നതെന്നും എല്ലാ വികസന പദ്ധതികളും നിർത്തിവച്ചിരിക്കുകയാണെന്നും ഷാഹിദ് കുറ്റപ്പെടുത്തി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പ്രതിപക്ഷത്ത് നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്നും പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും രാഷ്ട്രീയ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ അവശ്യ സേവനങ്ങളുടെ വിതരണം നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഷാഹിദ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ചൈനീസ് അനുകൂല നേതാവ് അബ്ദുള്ള യമീൻ്റെ അടുത്ത അനുയായിരുന്ന മുഹമ്മദ് മുയിസു (45) വിജയിച്ചു. ഇന്ത്യൻ സൈനികരെ തിരിച്ചയക്കുമെന്ന് വാഗ്ദാനം നൽകിയാണ് മുയിസു അധികാരത്തിൽ വന്നതെന്ന് അത് നടപ്പാക്കിയെന്നുമാണ് ഭരണപക്ഷത്തിന്റെ ആയുധം. അടുത്ത ദിവസം ഫലം പുറത്തുവന്നേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam