മാലദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തം, സമുദ്രനിരപ്പിൽ നിന്നും 195 അടി താഴ്ചയിലുള്ള ഗുഹയിൽ നിന്ന് കണ്ടെത്തിയത് 5 മൃതദേഹങ്ങൾ

Published : May 19, 2026, 09:44 PM IST
maldives

Synopsis

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 195 അടി താഴ്ചയിലുള്ള ഇടുങ്ങിയ പാതകളാൽ ബന്ധിപ്പിക്കപ്പെട്ട മൂന്ന് വലിയ അറകളുള്ള സങ്കീർണ്ണമായ ഗുഹയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മാലി: സമുദ്രനിരപ്പിൽ നിന്നും 195 അടി താഴ്ചയിലുള്ള ഗുഹയിൽ കുടുങ്ങിപ്പോയ നാല് ഇറ്റാലിയൻ മുങ്ങൽ വിദഗ്ധരുടെ മൃതദേഹം കണ്ടെത്തി. മാലദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തത്തിലെ ഇരകളായവിൽ രണ്ട് പേരുടെ മൃതദേഹമാണ് ഇതിനോടകം പുറത്ത് എത്തിക്കാനായത്. മെയ് 14ന് കടലിൽ ഡൈവിംഗിന് പോയ അഞ്ചംഗ സംഘം മടങ്ങി എത്താതിരുന്നതിന് പിന്നാലെ വലിയ രീതിയിലുള്ള തെരച്ചിലാണ് മാലദ്വീപിൽ നടന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 195 അടി താഴ്ചയിലുള്ള ഒരു അടിയൊഴുക്കുള്ള കടൽ ഗുഹയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശേഷിക്കുന്ന രണ്ട് മൃതദേഹങ്ങൾ കൂടി ഗുഹയുടെ ഏറ്റവും ആഴമേറിയ ഭാഗത്ത് നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളത്.

തിങ്കളാഴ്ചയാണ് മാലദ്വീപിലെ വാവു അറ്റോളിലുള്ള ഈ ഗുഹയ്ക്കുള്ളിൽ നാല് ഇറ്റാലിയൻ ഡൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇറ്റലിയിലെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മാലദ്വീപിലെ ഒരു പ്രാദേശിക മിലിട്ടറി ഡൈവർ ശനിയാഴ്ച ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരണപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ പിന്നീട് തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. മാലദ്വീപ് പൊലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ ഫിൻലൻഡിൽ നിന്നെത്തിയ മൂന്ന് പ്രമുഖ ഡൈവിങ് വിദഗ്ദ്ധരാണ് ഗുഹയുടെ ഏറ്റവും ഉള്ളിലായി മൂന്നാമത്തെ അറയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അഞ്ചംഗ സംഘത്തിലെ അഞ്ചാമനായ ഇറ്റാലിയൻ ഡൈവിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം നേരത്തെ തന്നെ ഗുഹയുടെ പ്രവേശന കവാടത്തിന് പുറത്തുനിന്നും കണ്ടെത്തിയിരുന്നു. മരിച്ചവരെല്ലാം പ്രമുഖ വ്യക്തികളാണെന്ന് മാലദ്വീപ് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ജെനോവ സർവകലാശാലയിലെ ഇക്കോളജി അസോസിയേറ്റ് പ്രൊഫസറായ മോണിക്ക മോണ്ടെഫാൽകോൺ, അവരുടെ മകൾ ജോർജിയ സോമകാൽ, മറൈൻ ബയോളജിസ്റ്റ് ഫെഡറിക്കോ ഗ്വാൾട്ടിയേരി, ഗവേഷകയായ മ്യൂറിയൽ ഒഡെനിനോ, ഡൈവിങ് ഇൻസ്ട്രക്ടർ ജിയാൻലൂക്ക ബെനഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഇൻസ്ട്രക്ടറായ ബെനഡെറ്റിയുടെ മൃതദേഹമാണ് കഴിഞ്ഞ വ്യാഴാഴ്ച ഗുഹയുടെ വാതിലിന് സമീപത്തുനിന്ന് ആദ്യം കണ്ടെത്തിയത്. പ്രൊഫസർ മോണിക്കയും ഗവേഷകയായ മ്യൂറിയലും മാലദ്വീപിൽ എത്തിയത് കാലാവസ്ഥാ വ്യതിയാനം സമുദ്രജീവികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഔദ്യോഗിക ശാസ്ത്രീയ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇവർ അപകടത്തിൽപ്പെട്ട ഈ ഡൈവിങ് ഔദ്യോഗിക ഗവേഷണത്തിന്റെ ഭാഗമായിരുന്നില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ താൽപ്പര്യപ്രകാരം നടത്തിയതാണെന്നും ജെനോവ സർവകലാശാല വിശദമാക്കിയിട്ടുള്ളത്.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പലതവണ വെല്ലുവിളിയായിരുന്നു. ഇടുങ്ങിയ പാതകളാൽ ബന്ധിപ്പിക്കപ്പെട്ട മൂന്ന് വലിയ അറകളുള്ള സങ്കീർണ്ണമായ ഗുഹയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓക്സിജന്റെ പരിമിതിയും വലിയ ആഴവും കാരണം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഗുഹയ്ക്കുള്ളിലേക്ക് പൂർണ്ണമായി പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. വിനോദ സഞ്ചാരികൾ സാധാരണയായി പോകാറുള്ളതിലും കൂടുതൽ ആഴത്തിലേക്കാണ് ഈ സംഘം പോയതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കടലിനടിയിലെ ഗുഹകളിലേക്ക് ഡൈവിങ് നടത്തുന്നത് അതീവ അപകടകരമായ കാര്യമാണ്. ഗുഹയ്ക്കുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ഇളകുന്നത് വഴി കാഴ്ച പൂർണ്ണമായും മറയാനും വഴിതെറ്റാനും വലിയ സാധ്യതയുണ്ട്. മാലദ്വീപിലെ 1,192 പവിഴദ്വീപുകളുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡൈവിങ് ദുരന്തമാണിത്. സമുദ്രവിനോദങ്ങളുമായി ബന്ധപ്പെട്ട് മാലദ്വീപിൽ അപകടങ്ങൾ കുറവാണെങ്കിലും കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 112 ഓളം വിനോദസഞ്ചാരികൾ പലവിധ കടൽ അപകടങ്ങളിൽ മരിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തിനായി ജീവൻ ചെയ്യാനും സന്നദ്ധരായ ദമ്പതികൾക്കായി സമൂഹവിവാഹവുമായി ഇറാൻ, നടന്നത് നൂറിലധികം വിവാഹങ്ങളെന്ന് റിപ്പോർട്ട്
കുത്തനെ കൂട്ടി ഇന്ധനവില; ആളിക്കത്തി പ്രതിഷേധം, നാല് മരണം; രാജ്യവ്യാപക ​ഗതാ​ഗത പണിമുടക്ക് പിൻവലിച്ച് കെനിയയിലെ സമരക്കാർ