
ബമാക്കോ: സൈന്യത്തെ പിന്തുണച്ച് ടിക് ടോക്കിൽ വീഡിയോ ചെയ്തെന്ന് ആരോപിച്ച് മാലിയിൽ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ കലാപകാരികള്‍ വെടിവെച്ച് കൊന്നു. മാലി സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ചാണ് വടക്കൻ ടിംബക്റ്റു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന ടിക് ടോക്കറെ കലാപകാരികൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ വെടിവെച്ച് കൊന്നത്. യുവതിയുടെ കുടുംബവും ഉദ്യോഗസ്ഥരും ഇവരുടെ മരണം സ്ഥിരീകരിച്ചു. ഏറെ നാളായി ആഭ്യന്തര കലാപം തുടരുന്ന മാലിയിൽ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മറിയം സമൂഹമാധ്യമത്തിൽ നിരന്തരം വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.
സംഭവ ദിവസം നഗരത്തിലെ മാർക്കറ്റിൽ നിന്ന് തത്സമയ സ്ട്രീമിങ് നടത്തുന്നതിനിടെയാണ് കലാപകാരികള്‍ മറിയത്തെ തട്ടിക്കൊണ്ടു പോയത്. അടുത്ത ദിവസം മറിയത്തെ ബൈക്കിൽ ടോങ്കയിലേക്ക് കൊണ്ടുവന്ന ശേഷം ഇൻഡിപെൻഡൻസ് സ്ക്വയറിൽ വച്ച് പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. മറിയത്തിന്റെ സഹോദരൻ നോക്കി നിൽക്കെയായിരുന്നു കൊടും ക്രൂരത. ദീർഘകാലമായി മാലിയിൽ തുടരുന്ന കലാപം നിയന്ത്രിക്കാൻ സൈനിക ഭരണകൂടം പാടുപെടുന്നതിനിടെയാണ് നടുക്കുന്ന കൊലപാതക വാർത്ത പുറത്ത് വന്നിരുന്നത്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പായ ജെഎൻഐഎം രാജ്യത്ത് ഇന്ധന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മാലി ജനതയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് ബമാകോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മോചനത്തിനായി പ്രാദേശിക അധികാരികളുമായും അവര്‍ ജോലി ചെയ്‌തിരുന്ന ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കുമെന്നും എംബസി ഉറപ്പ് നല്‍കി. പടിഞ്ഞാറന്‍ മാലിയിലെ കോബ്രിയില്‍ വൈദ്യുതി കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന അഞ്ച് ഇന്ത്യക്കാരെ നവംബര്‍ 6ന് ആണ് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനിയാണ് അറിയിച്ചത്.