
ബ്യൂനസ് ഐറിസ്: അർജന്റീന വൈസ് പ്രസിഡന്‍റ് ക്രിസ്റ്റിന ഫെർണാണ്ടസിന് നേരെ വധശ്രമം. പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വച്ച് അക്രമി വെടിയുതിര്‍ത്തു. തൊട്ടു മുന്നില്‍ നിന്ന് കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല. തലനാരിഴയ്ക്കാണ് ക്രിസ്റ്റിന ഫെർണാണ്ടസ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പെട്ടന്നുള്ള ആക്രമണത്തില്‍ പകച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ കീഴടക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് ക്രിസ്റ്റിന ഫെർണാണ്ടസിന് നേരെ വധശ്രമം നടന്നത്.
പ്രതിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇയാളുടെ തോക്കില്‍ അഞ്ട് തിരകളുണ്ടായിരുന്നു. പിടിയിലായ 35 കാരന്‍ ബ്രസീലിയന്‍ പൌരനാണെന്നാണ് പൊലീസ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007 മുതല്‍ 2015 വരെ അര്‍ജന്‍റീനയുടെ പ്രസിഡന്‍റായിരുന്നു ക്രിസ്റ്റിന. അഴിമതി കേസുകളില്‍ വിചാരണ തേടുന്നതിനിടെയാണ് ഇവര്‍ക്കെതിരെ വധശ്രമം നടന്നത്. വീടിന് മുന്നിലേക്ക് കാറില്‍ വന്നിറങ്ങുന്നതിനിടെയാണ് യുവാവ് തോക്കുമായി എത്തിയത്.
നിരവധി അനുയായികള്‍ ക്രിസ്റ്റിന ഫെർണാണ്ടസിന്‍റെ വീടിന് മുന്നില്‍ കാത്ത് നിന്നിരുന്നു. ഇവരുടെ ഇടയിലേക്ക് കാറില്‍ വന്നിറങ്ങവെ ഒരാള്‍ തോക്ക് ചൂണ്ടിയെത്തുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തൊട്ടു മുന്നിലെത്തിയാണ് അക്രമി വൈസ് പ്രസിഡന്‍റിന്‍റെ തലയ്ക്ക് നേരെ തോക്കു ചൂണ്ടുന്നത്. കാഞ്ചി വലിച്ചെങ്കിലും വെടിയുതിര്‍ക്കാനായില്ല. നിമിഷങ്ങള്‍ക്കകം സുരക്ഷാ ജീവനക്കാര്‍ ക്രിസ്റ്റിന ഫെർണാണ്ടാസിനെ വലയം ചെയ്ത് നീക്കി. പിന്നാലെ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.